സസ്നേഹം ശകുന്തള ദേവിക്ക്
ജേക്കബ്ബിനും അബുവിനുമൊപ്പം കോളേജിലെ മരത്തണലിലിരുന്നു ഒരു കൂതറ പടത്തിന്റെ റിവ്യു നടത്തികൊണ്ടിരിക്കുന്ന ഏഴാംസെമസ്റ്ററിലെ ഒരു സുപ്രഭാതത്തിലാണ് സന്ദീപ് ചിരിച്ചു കൊണ്ട് ഞങ്ങൾക്ക് നേരെ കടന്നു വന്നത് . ചിരിയുടെ ആമ്പിയര്‍ വെച്ചു പ്രോവിഡന്‍സ് കോളേജു ബസില്‍ അവന്‍ നോട്ടമിട്ടു വെച്ച ചുരുണ്ട മുടിക്കാരി ഇന്ന് പതിവ് തന്തക്കു വിളി എക്സ്പ്രഷനു പകരം ഒന്ന് പുഞ്ചിരിച്ചു കാണും എന്ന് ജേക്കബിനോട് ഞാൻ അടക്കം പറഞ്ഞതും ആശാൻ ആ ബോംബ് പൊട്ടിച്ചു . "അളിയാ ഞാന്‍ പ്ലെയിസ്ഡ് ആയടാ. ഇന്നലെ രാജഗിരിയിലെ ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ ഇന്‍ഫോസിസ് എന്നെ സിലക്റ്റ് ചെയ്തെടാ. ..."
ഒരു ഇരുമ്പു വടി കൊണ്ട് അടികിട്ടിയ പോലെ ഞങ്ങളെല്ലാം മരവിച്ചിരുന്നു. സന്ദീപിനെപ്പറ്റി എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു?അവന്‍ റെ കൂടെ ജോലി അന്വേഷിച്ചു ബംഗ്ലൂരില്‍ പോകുന്നതും കറങ്ങി നടക്കുന്നതും അവിടെ എം ജി റോഡിലും ബ്രിഗേഡ് റോഡിലും ഉള്ള അംഗനമാരെ കമന്റ് അടിക്കുന്നതും അടക്കം നിരവധി പദ്ധതികൾ ഞങ്ങൾ ഒരുമിച്ച് പ്ലാൻ ചെയ്തതാണ് . എന്നിട്ടാണ് ഈ കൊലച്ചതി! ഒരു ഇളിഞ്ഞ മുഖത്തോടെ സന്ദീപിനെ നോക്കി പറഞ്ഞു.
"അളിയാ ഹാര്‍ട്ടി കണ്‍ഗ്രാറ്റ്സ് " (പന്നി.... മുടിഞ്ഞു പോകട്ടെ എന്ന് മലയാള പരിഭാഷ)
അല്ലെങ്കിലും ഇന്ത്യയിലെ ക്യാമ്പസുകളില്‍ രണ്ട് തരം പൌരന്മാരെ സൃഷ്ടിക്കാന്‍ അമേരിക്കക്കാരന്‍ കൊടുത്തയച്ച ഒരു സാധനം ആണ് ഈ ക്യാമ്പസ് ഇന്റര്‍വ്യൂ . വലിയൊരു അസമത്വമല്ലേ ഇതു സൃഷ്ടിക്കുന്നത് ? പ്ലെയിസ്ഡ് ആയവനു മേലും കീഴും നോക്കേണ്ട. അല്ലാത്തവന് മേലും കീഴും മാത്രമല്ല മുന്നൂറ്റി അറുപതു ഡിഗ്രീ തന്നെ നോക്കണം. എന്നാല്‍ നാളെ ഒരുങ്ങി കുത്തി ഏതെങ്കിലും ഒരു ക്യാമ്പസ് ഇന്റെര്‍വ്യെവിനു പോകാന്‍ നോക്കാന്നു വെച്ചാ യുണിവേഴ്സിറ്റി തന്ന ചില അധിക യോഗ്യതകള്‍ അതിനു സമ്മതിക്കുകയുമില്ല. അഞ്ചാം സെമിസ്റെരിലെ രണ്ട് പേപ്പറുകള്‍ കൂലം കഷമായി ഒന്ന് കൂടി പഠിച്ചു അടുത്ത തവണ എഴുതി വരണം എന്നാണു യുണിവേഴ്സിറ്റി പറഞ്ഞിരിക്കുന്നത്. പഠനത്തോടൊപ്പം ഇതര വിഷയങ്ങളിലും സജീവമായി ഇടപെടുന്നതിനുള്ള ബഹുമതിയാണ് ഇതു എന്ന് പറഞ്ഞിട്ട് ആര്‍ക്കും മനസിലാവുന്നുമില്ല. ഈ കുരിശ് ഇറക്കാതെ ഒരു ഫോസിസും ക്യാമ്പസ് സെലക്ഷൻ നടക്കുന്ന കോമ്പൌണ്ടില്‍ അടുപ്പിക്കില്ല...
"വേറെ ആര്‍ക്കൊക്കെ കിട്ടിയെടാ സന്ദീപേ ?" ഞാന്‍ ആകാംഷയോടെ ചോദിച്ചു
"നമ്മടെ കോളേജില്‍ നിന്നു നാലു പേര്‍ക്ക്. എനിക്ക്,പാര്‍വതി പി. മൂര്‍ത്തിക്ക് , നീലിമ എ. എസ്സിന്, പിന്നെ മെക്കാനിക്കലിലെ കറുത്ത കണ്ണട വെച്ച ആ തടിയന്‍ ചെക്കനും (അവനു പെണ്‍പിള്ളേരുടെ ഇനിഷ്യല്‍ വരെ അറിയാം. കൂടെ ഇന്റെര്‍വ്യൂവിനു വന്ന പയ്യന്റെ പേര് പോലും അറിയില്ലല്ലേ! ) ."
കോളേജിലെ നാലു പേര്‍ക്ക് ജോലി കിട്ടിയതില്‍ പ്രത്യേകിച്ച് വിഷമിക്കേണ്ട കാര്യമില്ല. എന്നാല്‍ നീലിമക്കു ജോലി കിട്ടുക എന്നത് വീണ്ടും ചങ്കിനിട്ടു കുത്ത് കിട്ടുന്നതിനു തുല്യമാണ്. ഈ നീലിമയില്‍ ജനിക്കാന്‍ പോകുന്ന മുത്ത മോന്റെ രണ്ടാമത്തെ കുട്ടിയുടെ ചോറൂണിനു അവളുടെ കൈയും പിടിച്ചു ഗുരുവായൂര്‍ അമ്പലത്തില്‍ കുന്നിക്കുരു ഉരുളി വെച്ച സ്ഥലത്ത് ക്യു നില്‍ക്കുന്നതടക്കം പത്ത് നാല്‍പ്പതു എപ്പിസോഡ് സ്വപ്നവും ഷൂട്ട് ചെയ്തിട്ട് ഇവിടൊരാൾ ഇരിക്കാന്‍ തുടങ്ങിയിട്ട് സെമസ്റ്റര്‍ രണ്ടായി.
പ്ലെയിസ്ഡ് ആയ പെൺകുട്ടികൾക്ക് വിവാഹ മാര്‍ക്കറ്റില്‍ നല്ല ഡിമാണ്ട് ആണ്.മിക്കവാറും വീട്ടുകാര്‍ അവളെ കെട്ടിച്ചു വിടാന്‍ ഉള്ള പ്ലാനിടും. എന്റെ സ്വപ്നങ്ങളുടെ ബുര്‍ജ് ഖലീഫയില്‍ ആണ് നാരായണ മൂര്‍ത്തിയുടെ ഇന്‍ഫോസിസ് വിമാനംവന്നിടിച്ചത് . പല സീനിയര്‍ പെണ്‍കുട്ടികള്‍ക്കും ഇങ്ങനത്തെ അനുഭവങ്ങള്‍ ഉണ്ട്. ഇനി അവളുടെ എന്ഗേജുമെന്റിന് എനിക്ക് ഗുരുവായൂര്‍ പപ്പടം വിളമ്പേണ്ടി വരുമോ ദൈവമേ ??
പ്ലെയിസ്മെന്റ് കിട്ടിയവരോട് ഉള്ള അസൂയയില്‍ കലര്‍ന്ന അമര്‍ഷം തീര്‍ക്കാനുള്ള ഒരേ ഒരു വഴി അവരോടു ട്രീറ്റ് ചോദിക്കുക എന്നതാണ്. അവരുടെ വിജയം ആഘോഷിക്കുക എന്ന ഭാവേന ഹോട്ടെലില്‍ നല്ലൊരു ബില്ലിനായി ഉളുപ്പില്ലാതെ പരിശ്രമിക്കുക എന്ന കൃത്യം സന്ദീപിനോടും പാര്‍വതിയോടും ചെയ്തു. നീലിമക്ക് വെറും അഭിനന്ദനങ്ങള്‍ മാത്രം നല്‍കി. അവളുടെ ചെലവില്‍ നമ്മള്‍ ജീവിച്ചുകൂടല്ലോ. ഇന്ഫോസിസുകാരി എന്ന ഒരു കുറവ് മാത്രമേ അവള്‍ക്കുള്ളൂ.അങ്ങനെ ഒക്കെ ആലോചിച്ചു ദിവസങ്ങള്‍ തള്ളി നീക്കുമ്പോള്‍ യുണിവേഴ്സിറ്റി ചെവിയില്‍ മെല്ലെ പറഞ്ഞു. "നിന്റെ ജാതകത്തിലെ സപ്പ്ളി അപഹാരം കഴിഞ്ഞു. നിനക്ക് കാമ്പസ് സെലക്ഷന് പോകാൻ പ്രായ പൂര്‍ത്തിയായി. "
സാധാരണഗതിയില്‍ എല്ലാ മെയില്‍ ഷോവനിസ്റ്റ് പന്നികള്‍ക്കും തോന്നുന്ന കോമ്പ്ലക്സ് അപ്പൊ എനിക്കും തോന്നി. കാര്യം നീലിമ ഖൽബാണെങ്കിലും അവള്‍ മന്ത്രിയായാല്‍ നമ്മള്‍ മുഖ്യമന്ത്രിയെങ്കിലും ആവണ്ടേ ? ഇൻഫോസിസിലും വലിയ കമ്പനികള്‍ ഏതൊക്കെ എന്ന് സേര്‍ച്ച് ചെയ്തു നോക്കി . മൈക്രോസോഫ്റ്റ്,ഗൂഗിൾ, ഒറാക്കിള്‍ എന്നിവര്‍ക്ക് നമ്മുടെ തലച്ചോര്‍ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന് നോക്കിയെങ്കിലും അവരൊക്കെ കടുത്ത അനാചാരവാദികള്‍ ആണ് എന്ന് മനസിലായി.എൺപതു ശതമാനം മാര്‍ക്കും കൂടാതെ പഠിക്കുന്ന കാലത്ത് സപ്പ്ളി എന്ന വാക്ക് കേള്‍ക്കാന്‍ കൂടി സാധ്യത ഇല്ലാത്തവരുമായ ഋഷ്യശ്രുംഗന്മാരെ ആണ് അവര്‍ ജോലിക്ക് പരിഗണിക്കുക. നമ്മളെപ്പോലെ തട്ടിമുട്ടി നിൽക്കുന്നവരൊന്നും ആ വഴിക്ക് വരേണ്ടെന്ന് സാരം .
ജേക്കബിന്റെം കാര്യം ഏകദേശം ഇങ്ങനെ ഒക്കെ തന്നെയാണ്. ഒരു ജൂനിയര്‍ അച്ചായത്തി പെണ്ണിനേം തലയില്‍ ഏറ്റി കൊണ്ട് നടകുകയാണ് ടിയാന്‍.അത്തരം വിഷമത്തിൽ ഇരിക്കുമ്പോൾ ആണ് ജേക്കബ് ഒരു ദിവസം ആ വിവരം പറഞ്ഞത് "അളിയാ, ഇവിടെ അടുത്ത് ഒരു കോളേജില്‍ ഇന്‍ഫോസിസ് റിക്രൂട്ട്മെന്‍റ് നടത്തുന്നു. "
ഞാന്‍ വലിയ താല്‍പ്പര്യം കാണിക്കാത്ത മട്ടില്‍ പറഞ്ഞു "ഇൻഫിയിലും വല്ല്യ കമ്പനി വല്ലതും വരട്ടെ "
"എടാ പൊട്ടാ " ജേക്കബ് അലറി "ഇൻഫിയിൽ കിട്ടിയാല്‍ നിന്റെ വണ്‍വേ ലൈനില്‍ നിന്നും നീലിമയെ ടു വെ ലൈനില്‍ കൊണ്ട് വരാം "
"അതെങ്ങനെ? " ആര്‍. എസ്. അഗര്‍വാളിന്‍റെ ലോജിക്കല്‍ റീസണിങ്ഗ് ബുക്ക് പഠിച്ചിട്ടും എനിക്ക് ആ ലോജിക് സമയത്ത് കത്തിയില്ല.
"എടാ, മൈസൂരിലെ ട്രെയിനിങ്ങിനിടയില്‍ അവള്‍ വീട്ടുകാരെയും കോളേജിലെ കൂട്ടുകാരെയും മിസ്സ് ചെയ്യുമ്പോള്‍ അവളെ സ്വാന്തനിപ്പിക്കുന്ന ഒരു കുളിര്‍ തെന്നലായി നിനക്ക് അവളുടെഅടുത്ത് പോയി ഇരുന്നു കൂടെ? "
ഇത്രേം ബുദ്ധിയുള്ള ഇവന്‍ എങ്ങനെ സപ്പ്ളി അടിച്ചു എന്നാണു ആദ്യം ചിന്തിച്ചത്. കൊക്കൊക്കോളയുടെ ഫോര്‍മുല കൈയില്‍ കിട്ടിയ പോലെ ജേക്കബ് എന്റെ ചെവിയില്‍ മറ്റൊരു രഹസ്യം കൂടി പറഞ്ഞു . "പിന്നേയ് , അത്ര പെട്ടന്നൊന്നും ഇന്‍ഫോസിസില്‍ കേറാന്‍ പറ്റില്ല മോനെ. അതിനു ശകുന്തള ദേവി വിചാരിക്കണം. "
"ആയമ്മക്ക് എന്താ ഇതില്‍ കാര്യം?അവരു ഏതു ആശ്രമത്തിലെ ദേവിയാണ് ?" ഞാന്‍ ചോദിച്ചു.
" അതൊന്നും എനിക്കറിയില്ല. ഈസ്ത്രീ ഏതോ പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ നിന്നാണ് ഇന്ഫോസിസുകാര്‍ ചോദിക്കുന്നത് ."
നേരെ റെയിവേ സ്റേഷന്‍ റോഡിലുള്ള കോസ്മോ ബുക്ക്സില്‍ കയറി ഒറ്റ ചോദ്യം "ശകുന്തള എന്ന സ്ത്രീ എഴുതിയ ഇന്‍ഫോസിസ് പരീക്ഷ സഹായി കിട്ടുമോ ? "
"അങ്ങനെ ഒരു പുസ്തകം ഇവിടെ ഇല്ല."
"അങ്ങനെ പറയരുത്. ഒരു ജീവിതത്തിന്റെയും പത്തറുപതു എപ്പിസോഡ് സ്വപ്നത്തിന്റെയും പ്രശ്നമാണ്. ശകുന്തള ദേവി എന്നോ മറ്റോ ആണ് അവരുടെ ഫുള്‍ നെയിം."
"ഓഹോ ശകുന്തള ദേവി! അവര് നീ പറയണ പോലെ ഇന്‍ഫോസിസ് പരീക്ഷ സഹായി എഴുതിയ ആള്‍ അല്ല. കണക്കു കൊണ്ട് കമ്പ്യുട്ടറിനെ തോല്‍പ്പിച്ച ആളാ. അവരുടെ പുസ്തകങ്ങൾ പപിള്ളേർ സ്ഥിരം വാങ്ങിക്കൊണ്ട് പോകുന്നുണ്ട്. ചെലപ്പോ അതാവും "
ബിവറേജസ്സില്‍ നിന്നും കള്ള് കൊണ്ട് പോകുന്നത് പോലെ രഹസ്യമായി പേപ്പറില്‍ പൊതിഞ്ഞു ഞാനും ജേക്കബും ഓരോ ശകുന്തള ദേവി കണക്കു പുസ്തകോം വാങ്ങി പുറത്തിറങ്ങി.
അന്ന് മുതല്‍ പരീക്ഷയുടെ തലേന്ന് വരെ ശകുന്തള ദേവിയെ ധ്യാനിച്ച് കഴിഞ്ഞു., ആ പുസ്തകത്തീന്നു എന്ത് ചോദിച്ചാലും പറയാം എന്ന അവസ്ഥ .
പിറ്റേന്ന് പുലര്‍ച്ചെ ആറു മണിക്ക് തോളിലെ കറുത്ത ബാഗില്‍സർട്ടിഫിക്കറ്റുകൾ , കുറച്ചു നോട്ടുകള്‍, പിന്നെ ശകുന്തള ദേവി.... അങ്ങനെ അത്യാവശ്യം വേണ്ട ഇന്‍ഫോസിസ് ആക്രമണ സാമഗ്രികളുമായി വീട്ടിന്നു ഇറങ്ങി. ലൈറ്റ് ഷര്‍ട്ടും ഡാര്‍ക്ക് പാന്റും ധരിച്ച് ഇന്‍ ചെയ്തു ഞാന്‍ ഇറങ്ങുന്നത് കണ്ടാല്‍ത്തന്നെ അടുത്ത വീട്ടിലെ ശിവദാസന്‍ നായര്‍ മുതല്‍ ബസ്റ്റോപ്പിനടുത്തെ ചായക്കടക്കാരന്‍ ഹസ്സനിക്കക്ക് വരെ മനസിലാവും ഇന്ന് എവിടെയോ ഒരു ഇന്റെര്‍വ്യു ഉണ്ടെന്നു . കാരണം ആദ്യ ചില കാമ്പസ് ഇന്റർവ്യൂ യാത്രകളിൽ എല്ലാം വഴിയെ പോകുന്ന സകല ചരാചരങ്ങൾക്കും അഭിവാദ്യം അർപ്പിച്ച് ഏതോ മലമറിക്കാന്‍ പോകുന്ന ഭാവത്തലായിരുന്നു നമ്മുടെ ഷോ . "ഞാന്‍ വിപ്രോയുടെ ഫര്‍ ലെറ്ററും കൊണ്ടേ വരൂ , അല്ലെങ്കില്‍ ആക്സേഞ്ച്വരിലെ ഒരു ഉന്നത ഉദ്യോഗവും കൊണ്ടേ വരൂ" തുടങ്ങിയ സാമാന്യം നല്ല തള്ളുകൾ അന്ന് നടത്തിയിരുന്നു.
എന്നാല്‍ ഇത്തവണ പോകുമ്പോള്‍ ഒരേ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ജോലി കിട്ടണം. ഇന്‍ഫി ട്രെയിനിംഗ് സെന്ററിലെ വാക മരച്ചോട്ടില്‍ (മൈസൂരില്‍ വാക ഉണ്ടാവുമോ എന്തോ ? പ്രണയമാണെങ്കിൽ വാക മസ്റ്റാണ് എന്ന് ലാൽജോസ് പറഞ്ഞിട്ടുണ്ട് ) നീലുവിന്റെ കൂടെ ഒരു ഡ്യുയറ്റ് .....! കാമുകന്മാര്‍ അതും പ്രത്യേകിച്ച് വണ്‍ വേക്കാര്‍ ആയാലേ മനുഷ്യർക്ക് ജീവിതത്തില്‍ ഉത്തരവാദിത്വം ഉണ്ടാവൂ.
ആ കോളേജിൽ ബസ്സിറങ്ങിയപ്പോഴേ സംഗതി അത്ര എളുപ്പം അല്ല എന്ന് മനസിലായി. നെന്മാറ വേലയ്ക്കു പോലും ഇത്രേം ആള് കാണില്ല. സാരല്ല്യ, ശകുന്തള ദേവി അനുഗ്രഹിചിട്ടുണ്ടല്ലോ.പേര് രജിസ്റ്റർ ചെയ്ത ക്ലാസ് റൂമില്‍ പോയി നോക്കി. ആ ഹാളില്‍ ഞങ്ങളുടെ കോളേജിലെ മിക്ക പിള്ളേരും ഉണ്ട്.. ക്ലാസ് റൂമില്‍ പരീക്ഷ നടത്താന്‍ ആരും വന്നിട്ടില്ല . പരീക്ഷ ഹാളിന്റെ മുന്‍പില്‍ ജീന്‍സും ടീഷര്‍ട്ടും ഇട്ടു കൂളിംഗ് ഗ്ലാസും വെച്ചൊരു പെണ്‍കുട്ടി നിൽക്കുന്നുണ്ട്; പത്തിരുപതു വയസ്സ് തോന്നും . വേറെ എന്തെങ്കിലും കോളേജ് ആവും . എന്നാലും ആരെങ്കിലും ജീന്‍സും ടീഷര്‍ട്ടും ഇട്ടു ഇന്റെര്‍വ്യൂവിന് വരുമോ? 'കുട്ടി, ഇതൊന്നും പറഞ്ഞു തരാന്‍ ആരും ഉണ്ടായിരുന്നില്ലേ ? മനസ്സില്‍ ഫുള്ള് പരീക്ഷയായോണ്ട് കുട്ടിക്ക് വേണ്ടി മാറ്റി വെക്കാന്‍ ടൈം ഇല്ല 'എന്നും മനസ്സിൽ പറഞ്ഞു
പരീക്ഷക്ക് വന്ന രാജേഷ്, സന്ധ്യ, ബഷീര്‍ അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാവരുടെയും അടുത്ത് പോയി സ്ഥിരം വാചകമേള നടത്തി. അതും പോരാഞ്ഞു സീറ്റിൽ ഇരുന്ന ശേഷം മുന്നൂറ്റി അറുപതു ഡിഗ്രീ കറങ്ങി ചുറ്റും ഇരിക്കുന്നവരോട് ഡയലോഗ് അടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് വാതില്‍ക്കല്‍ നിന്ന ജീൻസുകാരി ഒരു കെട്ടു ചോദ്യപേപ്പറുമായി വരുന്നത്."ഹമ്മേ, ഞാന്‍ ഇത്രേം നേരം കാണിച്ച പരാക്രമങ്ങള്‍ ഒക്കെ അവള്‍ കണ്ടു കാണുമല്ലോ.വരുന്നത് വരട്ടെ " നേരെ പരീക്ഷയിലേക്കു ശ്രദ്ധ തിരിച്ചു .പരീക്ഷയുടെ സമയവും നിയമങ്ങളും ഒക്കെ അവള്‍ കട്ട ഇംഗ്ലീഷില്‍ മൊഴിഞ്ഞു. ഇത്രേം അമേരിക്കന്‍ ആക്സന്റു ഉള്ള കുട്ടിക്ക് മൈക്രോസോഫ്റ്റില്‍ ചേര്‍ന്നൂടെ എന്നൊരു ചോദ്യം മനസ്സില്‍ വന്നെങ്കിലും തല്ക്കാലം അടക്കി വെച്ചു .
എന്തായാലും പരീക്ഷ തുടങ്ങി പേപ്പര്‍ കണ്ടതും മനസ്സിൽ നിരവധി ലഡ്ഡുകൾ പൊട്ടി . പേപ്പറില്‍ ശകുന്തള ദേവി ശരിക്കും ദേവതയായി നിറഞ്ഞു നില്‍ക്കുന്നു. എല്ലാ ചോദ്യങ്ങളും ഉത്തരം എഴുതരുത് എന്ന് ജേക്കബും ഞാനും ആദ്യമേ തീരുമാനിച്ചതാണ്. ബുദ്ധി കൂടിയവരേം ഇന്‍ഫോസിസ് എടുക്കാറില്ല എന്നൊരു ഗോസ്സിപ്പ് പിള്ളേരുടെ ഇടയിൽ ഉണ്ട്. 'എനിക്ക് ഇന്‍ഫോസിസില്‍ ചേരാന്‍ മാത്രമുള്ള ബുദ്ധിയേ ഉള്ളൂ എന്ന് പേപ്പറില്‍ കാണിക്കണം, അതിനാണ് ശ്രമം. '
ഇടയ്ക്കിടയ്ക്ക് നമ്മുടെ എക്‌സാമിനർ സുന്ദരിയെ ഒന്ന് നോക്കി . വാതിലിനടുത്ത് നിന്ന് ആരോട് ഫോണില്‍ സംസാരിക്കുകയാണ് . ഇപ്പം നല്ല ഹിന്ദിയിലാണ്, അപ്പൊ ലവള്‍ മലയാളി അല്ല. ഹിന്ദി കേട്ടാല്‍ അറിയാം ഒന്നുകില്‍ ബോംബെ അല്ലെങ്കില്‍ ഡല്‍ഹി.
ചോദ്യങ്ങള്‍ എല്ലാം ഈസി ആയി എഴുതി തീര്‍ന്നിരിക്കുന്നു.
എന്തായാലും ടെസ്റ്റ് പാസാകും. ആ സന്തോഷത്തിൽ ചിരിയുമായി പരീക്ഷ പേപ്പര്‍ നമ്മുടെ ബോംബെക്കാരി മൊഞ്ചത്തിക്ക് കൊടുക്കാന്‍ പോകുമ്പോള്‍ അവള്‍ ഹിന്ദിയില്‍ ചോദിച്ചു.
"എന്താ അന്റെ പേര് ? "
പേര് പറഞ്ഞപ്പോള്‍ അവള്‍ ഒരു വല്ലാത്ത നോട്ടം നോക്കി. നേരത്തെ ക്ലാസിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ ലവൾ കണ്ടോ എന്തോ!
പേപ്പര്‍ കൊടുത്തു പുറത്ത് നില്‍ക്കണ ജേക്കബിന്റെ അടുത്ത് വന്നിട്ട് ലവനെ കെട്ടിപ്പിടിച്ചു ." അളിയാ . മൊത്തം ശകുന്തള ദേവി ആണ് വന്നിരിക്കുന്നത്, പിന്നെ ഞങ്ങടെ എക്സാം ഹാളില്‍ ഒരു അടിപൊളി ഹിന്ദിക്കാരി ആണ് വന്നത്. അവള്‍ക്കു എന്നെ പിടിച്ചു എന്ന് തോന്നുന്നു."
"ഞങ്ങള്‍ക്ക് ഒരു ബീഹാറി ചെക്കന്‍ ആണ് വന്നത്." അവൻ നിരാശപ്പെട്ടു
അവള്‍ പേപ്പറുകള്‍ അടുക്കി വെക്കുമ്പോള്‍ ഞാന്‍ ജേക്കബിനോട് വീണ്ടും ആവേശഭരിതനായി ."അളിയാ, അടിപൊളി എക്‌സാമിനർ ! ഇന്‍ഫി ക്യാമ്പസ് മുഴുവന്‍ ഈ ടൈപ്പ് കുട്ടികൾ ആണെങ്കില്‍ നീലിമയുടെ കാര്യത്തില്‍ ഒരു പുന: പരിശോധന നല്ലതല്ലേ ?"
"എടാ കോപ്പേ മിണ്ടാതിരി. അവള് ദേ നിന്റെ അടുത്ത്. "
ഞാന്‍ അവളെ പറ്റിയാണ് പറയുന്നത് എന്ന് മനസിലാവാതെ ജീൻസുകാരി എന്റെ അടുത്ത് വന്നു നിന്നിട്ട് വീണ്ടും ഹിന്ദി ഫോണ്‍ തുടര്‍ന്നു .
എഴുത്തുപരീക്ഷയുടെ റിസൾട് വന്നപ്പോൾ രണ്ടു ശകുന്തള ശിഷ്യന്മാരും സെലെൿറ്റഡ്. ഇനിയങ്ങോട്ട് ഇന്റർവ്യൂ. അത് ഈസിയാണ് എന്നാണു കേട്ടിട്ടുള്ളത് .
ഇന്റർവ്യൂ മുറിയിൽ ചെന്നപ്പോള്‍ എന്റെ പേരുള്ള ലിസ്റ്റും പിടിച്ചുനിൽക്കുന്നത് നമ്മുടെ പഴയ ഹിന്ദി കമാരി.
അപ്പോള്‍ അവള്‍ മൃദുവായി മന്ത്രിച്ചു..
" ടെല്‍ മി എബൌട്ട് യുര്‍ സെല്‍ഫ്. ?"
'അയ്യേ ചീള് കേസ് . ഇത് കൊറേ കണ്ടതല്ലേ ഈ കെ കെ ജോസഫ് 'എന്നാണ് മനസ്സിൽ തോന്നിയതെങ്കിലും വിനീത വിധേയനായി പേരും നാളും പഠിച്ച വിഷയവും മാര്‍ക്കും ഒക്കെ പറഞ്ഞു
അടുത്ത ചോദ്യം ."എന്ത് കൊണ്ട്ഞങ്ങളുടെ കമ്പനി ?"
മൈസൂര്‍ ക്യാമ്പസ്,വാകമരം, നീലിമ ..എന്നാണു മനസിലെ ഉത്തരമെങ്കിലും എടുത്തു കാച്ചി.
" ഇങ്ങടെ കമ്പനിയുടെ വളര്‍ച്ച ,അത് നല്‍കുന്ന ബൌദ്ധികമായ വെല്ലുവിളികള്‍ ഇതൊക്കെ എന്റെ മനതാരിനെ കുളിര്‍ കോരിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇശ്ശി കാലായി . അതോണ്ടാ, അതോണ്ട് മാത്രമാണ് അല്ലാതെ ഛെ ..."
ദേ വരുന്നു അടുത്ത ചോദ്യം
"സപ്പ്ളി ഉണ്ടായിട്ടുണ്ടല്ലേ ?"
"ഭവതീ മെക്കാളെ തുടങ്ങി വെച്ച പഴഞ്ചന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപാകതകള്‍ മൂലം സംഭവിച്ചതാണ് അത്" എന്ന് പറയണം എന്ന് തോന്നിയെങ്കിലും പകരം ഇങ്ങനെ പറഞ്ഞു. "ഒരു സെമെസ്റ്ററില്‍ രണ്ടു പേപ്പര്‍ പോയെങ്കിലും അത് നല്ല മാര്‍ക്കോടെ തന്നെ എഴുതിയെടുതിട്ടുണ്ട് . പരാജയങ്ങളില്‍ പതറാതെ അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു തിരിച്ചു വരാന്‍ കഴിവുള്ള ഇരട്ട ചങ്കുള്ള ചാക്കൊച്ചിയാണ്ഞാൻ "
"കുട്ടാ നിനക്ക് ഞാന്‍ ഈ ജോലി തന്നാല്‍ നീ എന്ത് തിരിച്ചു തരും ? "എന്നൊരു ചോദ്യം അവള്‍.
'ദൈവമേ, പഴയ ഐ.വി . ശശി സിനിമയില്‍ ഇന്റര്‍വ്യൂ ചെയ്യാറുള്ള കമ്പനി മുതലാളിമാരായ ടി. ജി രവി, ജോസ് പ്രകാശ് തുടങ്ങിയവര്‍ ജയഭാരതി, സീമ, ഉണ്ണിമേരി എന്നിവരോട് ചോദിക്കാറുള്ള അതേ ചോദ്യം..'ഏയ് കുട്ടി, എന്താ ഇങ്ങനെ? ഞാന്‍ അത്തരക്കാരനല്ല. കുട്ടി ബോംബെലോക്കെ വളര്‍ന്ന ആളല്ലേ. എന്നെ ഇങ്ങനെ പരീക്ഷിക്കല്ലേ'
പിന്നെ തോന്നി 'ഏയ് അതാവില്ല .'
"ആത്മാര്‍ഥത, സത്യസന്ധത , കഠിനാദ്ധ്വാനം തുടങ്ങി നിരവധി സല്‍ഗുണങ്ങളുടെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് ഞാന്‍. അച്ചടക്കത്തിന്റെ കാര്യം പറഞ്ഞാല്‍ സന്ധ്യക്ക് വിളക്ക് കൊളുത്തിയാല്‍ കൈയും കാലും കഴുകി ലക്ഷ്മീ സഹസ്രനാമോം ജ്ഞാനപ്പാനേം വായിച്ചു കഴിയുന്ന പരമ സാത്വികന്‍. വേണച്ചാൽ ഞാന്‍ എന്നെത്തന്നെ നാരാണ മൂര്‍ത്തിയു ടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കാം ".
"അപ്പോള്‍ ശരി ".
ഇത്രേം ഇംഗ്ലീഷില്‍ മൊഴിഞ്ഞിട്ടു അവള്‍ മുഖത്ത് ഗൗരവം വരുത്തിയിട്ട് പറഞ്ഞു. "പാന്റും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ചു ഹിന്ദിപറയുന്ന എല്ലാവരും ഹിന്ദിക്കാരാവണം എന്നില്ല. അതോണ്ട് ഭാവിയില്‍ ഓവര്‍ സ്മാര്‍ട്ട് ആവാതെ സൂക്ഷിച്ചും കണ്ടും സംസാരികണം മോനെ ."
ഇത്രേം ഇംഗ്ലീഷില്‍ മൊഴിഞ്ഞിട്ടു അവള്‍ മുഖത്ത് ഗൗരവം വരുത്തിയിട്ട് പറഞ്ഞു. "പാന്റും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ചു ഹിന്ദിപറയുന്ന എല്ലാവരും ഹിന്ദിക്കാരാവണം എന്നില്ല. അതോണ്ട് ഭാവിയില്‍ ഓവര്‍ സ്മാര്‍ട്ട് ആവാതെ സൂക്ഷിച്ചും കണ്ടും സംസാരികണം മോനെ ."
ഇത്രേം പറഞ്ഞത് നല്ല വടകര ഭാഷയില്‍!.
മുറിച്ചുരിക കൊണ്ട അരിങ്ങോടരേപ്പോലെ ഞാന്‍ വീണു.
"ചേച്ചി അല്ല മാഡം എന്റെ പണി,വാക, നീലിമ ....."
"അത് ഊഹിക്കാമല്ലോ .. നേരെ ചൊവ്വേ പെരുമാറാന്‍ പഠിച്ചിട്ടു വാടാ ചെറുക്ക ..."
😅😅😅 ezhuthu chalikal marikkunnilla😂
ReplyDeleteAdipoli
ReplyDeleteNingade ezhuthu oru rakshayumilla bhai... :-)
ReplyDeleteThis comment has been removed by the author.
ReplyDeleteകൊള്ളാം ക്ലൈമാക്സ് ഊഹിചെങ്കിലും .. ബോര്‍ അടിപ്പിക്കാത്ത എഴുത്ത്
ReplyDeletesooper ......... enth cheyya ........ ,.,.,.,.<><>
ReplyDeletesooper ......... enth cheyya ........ ,.,.,.,.<><>
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete