1820 കളിലെ ഒരു ഫെയിസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ്

By Abhayankar Abhay

നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ചരിത്രാന്വേഷികളുടെ ഒരു ടീം കൽക്കത്താ നഗരത്തിലെ ചേരികൾ നിറഞ്ഞ  പ്രദേശത്ത് നടത്തിയ ഖനനപ്രവർത്തനങ്ങളിലൂടെ കണ്ടെടുക്കുകയുണ്ടായി - അത് താഴെ കൊടുക്കുന്നു.

( ഇതിന് ഏതെങ്കിലും ട്രോൾ ഗ്രൂപ് അഡ്‌മിന്റെ പോസ്റ്റുമായി സാമ്യം തോന്നുന്നു എങ്കിൽ അത് കരുതിക്കൂട്ടിയാണ് എന്ന് പറയട്ടെ )

സതി, വിധവകളെ വീട്ടിൽ നിന്ന് പുറത്താക്കൽ എന്നിവ സംബന്ധിച്ച് ഇവിടെ നടക്കുന്ന മുറവിളികൾ ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്. ഇതിനെ കുറിച്ച് പറയുന്നതിന് മുൻപ് ഒരുവിഷയം പറയാൻ ഉള്ളത്, എനിക്ക് എന്റെ വീട്ടിൽ അമ്മയും പെങ്ങളും ഉള്ളതാണ് അത് കൊണ്ട് തന്നെ സ്ത്രീകൾ മോശക്കാരാണ് എന്ന് എനിക്കഭിപ്രായമില്ല അങ്ങനെ സ്ത്രീകൾ മനുഷ്യരല്ല എന്നൊക്കെ ആരെങ്കിലും കരുതുന്നുണ്ട് (ഇല്ല എന്നാണ് വിശ്വാസം) എങ്കിൽ അതിനെ ശക്തമായി എതിർക്കുന്നു.

രണ്ട് വിഷയങ്ങൾ സപ്പോർട്ട് ചെയ്യാം, ഭാരതീയരെയും വിദേശികളെയും . അതായത് ഭാരതീയ സംസ്കാരം ആണ് നല്ലത് എന്ന് കരുതുന്നവരും അതല്ല ബ്രിട്ടീഷ് രീതി നമ്മൾ സ്വാശീകരിക്കണം എന്ന് കരുത്തുനന്നവരും . എന്നാൽ സതി നിരോധിക്കണം എന്നൊക്കെ ഉള്ളത് ഇതിൽ ഏത് വിഭാഗത്തിൽ പെടും എന്നുള്ളതാണ്.ഇവർ ഭാരതീയരെങ്കിൽ എങ്കിൽ ഭാരതത്തിൽ ഉള്ളത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു സംസ്കാരമാണെന്ന് കരുതുന്നവരും അതിനെ പവിത്രതയോടെ കാണുന്നവരും ആണ്. നിങ്ങൾ ബ്രിട്ടീഷുകാരൻ ആണെങ്കിൽ ഇവിടെയുള്ള സംകൃതിയെ നിങ്ങൾ പരിഗണിക്കേണ്ട കാര്യമോ അതിൽ ഇടപെടേണ്ടതോ ഇല്ല. മതവിഷയത്തിൽ തീർപ്പ് കൽപ്പിക്കാൻ ബ്രിട്ടീഷുകാർക്ക് അവകാശം ഇല്ലല്ലോ . മറിച്ച് നിങ്ങൾ ഒരുഭാരതീയനെങ്കിൽ ഭാരതീയ സംസ്കാരത്തെ ബഹുമാനിക്കുന്ന ആളാണെങ്കിൽ സതിയെ ബഹുമാനിക്കാൻ എന്ത്കൊണ്ട് കഴിയുന്നില്ല?

സതി പോലെ തന്നെ ആചാരങ്ങളിൽ പറയുന്ന രണ്ടു കാര്യങ്ങളാണ് പശുമാംസം കഴിക്കാൻ പാടില്ല എന്നതും താണ ജാതിക്കാരെ തീണ്ടിക്കൂടാ എന്നതും പക്ഷെ അതിനെതിരെ ആരും മുറവിളി കൂട്ടി കണ്ടിട്ടില്ല. കാരണം മറ്റൊന്നും അല്ല, അവിടെ ഒരു വിവാദത്തിനുള്ള സ്കോപ്പ് ഇല്ല അത്ര തന്നെ.
ഇതുപോലെ ഒരുപാട് ആചാരങ്ങളും വിശ്വാസങ്ങളും നിലവിൽ ഉണ്ട്, ഇനി നാളെ നിങ്ങൾക്ക് ക്ഷേത്രത്തിൽ ഇരിക്കുന്ന കരിങ്കൽ പ്രതിമ ഒരു ലുക്ക് ഇല്ല, നമുക്ക് പുതിയ ഒരണ്ണം ഫ്രീക്ക് ആയി പണിയാം എന്ന് തോന്നിയാൽ അതിനെതിരെയും പന്തംകൊളുത്തി ജാഥ ഉണ്ടാക്കുമോ? അല്ലെങ്കിൽ മുറവിളി കൂട്ടുമോ? അതിനും ബ്രിട്ടീഷ് സർക്കാർ കുട പിടിക്കുമോ ?

അപ്പോൾ ഞാൻ പറഞ്ഞ് വന്നത് ഇത്രേ ഉള്ളൂ.. ഒന്നില്ലെങ്കിൽ നിങ്ങൾ ഒരു വിദേശി എന്ന നിലയിൽ ആചാരങ്ങളെയും സംസ്കാരത്തെയും വിമർശിക്കുക . അല്ലെങ്കിൽ ഇന്ത്യക്കാരൻ എന്ന നിലയിൽ സംസ്കാരത്തെ അംഗീകരിക്കുക . രണ്ടിന്റെയും ഇടയിൽ കാലിട്ടുള്ള പരുപാടി വേണ്ട. വേണ്ട എന്നല്ല, അത് ഈ ഭാരതമണ്ണിൽ നടക്കില്ല. ഇതിലും ഡീസന്റ് ആയി ഇത് പറയാൻ എനിക്ക് അറിയില്ല.

(ANY POSTS REGARDING THIS MATTER WILL BE DELETED AND THE PERSON WILL BE BANNED FROM INDIA )



PS: സതി അനുഷ്ഠിക്കാൻ കല്പിക്കപ്പെട്ടവൾ തിരിച്ചു വന്നോ എന്ന് ചെക്ക് ചെയ്യുന്ന മെഷീൻ ഒന്നും എവിടെയും സ്ഥാപിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഇനി ഉണ്ടോ ആവോ?

Comments

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം