Movie Review - ഷാജഹാന്‍

By Sreehari Sreedharan


നമുക്കേവര്‍ക്കും പ്രിയപ്പെട്ട ഇളയ ദളപതി അണ്ണന്റെ എളിയ വിശറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ തന്നെ എക്കാലത്തെയും സൂപ്പര്‍ ഡ്യൂപ്പര്‍ ബമ്പര്‍ ബോണറ്റ് ഹെഡ്‌‌ലൈറ്റ് ഹിറ്റായ ഷാജകാന്‍ എന്ന പടത്തെപ്പറ്റി ഒരു ആസ്വാദനക്കുറിപ്പെഴുതാന്‍ ശ്രമിക്കുകയാണ്.

സിനിമയുടെ പേരു സൂചിപ്പിക്കും പോലെ പ്രണയത്തിന്റെ ജീവിക്കുന്ന ഒരു പ്രതീകമാണ് ദളപതി അണ്ണന്റെ കഥാപാത്രം. ആരെങ്കിലും പ്രേമിക്കുന്നു എന്ന് കേട്ടാല്‍ മതി അപ്പ പിടിച്ച് കെട്ടിച്ച് കളയും. വീട്ടില്‍ കല്യാണത്തിനു സമ്മതിക്കാത്ത കമിതാക്കളെ രജിസ്റ്റര്‍ മാര്യേജ് ചെയ്യിക്കുക എന്നതാണ് അണ്ണന്റെ പ്രധാന ഹോബി. ആള്‍വാര്‍പേട്ട് സബ് രജിസ്റ്റ്റാര്‍ ഓപ്പീസിലെ പത്തു മുതല്‍ പതിനൊന്നേകാല്‍ വരെയുള്ള സ്ലോട്ട് മാസത്തില്‍ ഇരുപത് ദിവസം അണ്ണനു വേണ്ടി മാത്രം ഒഴിച്ചിട്ടിരിക്കയാണ്. ആരെയെങ്കിലുമൊക്കെ ഒപ്പിച്ച് കല്യാണം നടത്താന്‍ അണ്ണന്‍ എത്തുമെന്ന് ആള്‍വാര്‍പ്പേട്ടിലെ മൈല്‍ക്കുറ്റികള്‍ക്ക് വരെ അറിയാം.

ഓപ്പണിങ്ങ് സീക്വന്‍സില്‍ വടിവാളു, ഹോക്കി സ്റ്റിക്, ഹീറോ സ്പ്ലെന്ഡര്‍ എന്നിവയുടെ അകമ്പടിയോടെ അതിസാഹസികമായി അണ്ണന്‍ ഒരു രജിസ്റ്റര്‍ മാര്യേജ് നടത്തിക്കൊടുക്കുന്നു. ഈ ഹീറോയിസം കണ്ട് കന്യകയായ ഒരു അമ്മൂമ്മ അന്തം വിടുന്നു. അന്തം വിട്ട് തീര്‍ന്ന ശേഷം ആത്മഗതവും വിടുന്നു. "എനക്ക് ഒരു പെണ്‍കൊളന്ത ഇല്ലാതെ പോയല്ലോ തേവാരേ!!.. ഇരുന്താ...."... കട്.... ആ ജനിക്കാതെ പോയ പെണ്കുഞ്ഞായി മീനാ സ്ക്രീനിന്റെ ഇടതുവശത്തൂടെ പ്രത്യക്ഷപ്പെടുന്നു.. പിന്നെ സെറക്ക് വെച്ചിരിക്കെ, എറക്കി വെച്ചിരിക്കെ, കറുത്ത കോഴി ഈസ്റ്റേണിട്ട് വറുത്ത് വെച്ചിരിക്കെ.. പാട്ട്, ഡാന്‍സ്, മാസ്,.....

അങ്ങനെ പൊതുജനത്തെ പ്രേമിപ്പിച്ചു കല്യാണം കഴിപ്പിച്ചും നടക്കുന്ന അണ്ണന്‍ ഒരൂസം സൈദാപ്പേട്ട് ബസ് സ്റ്റോപ്പില്‍ അഡയാറു ബസ്സ് കാത്ത് നില്‍ക്കുമ്പോള്‍ റീച്ചാ പനക്കലിനെ കാണുന്നു. കണ്ണും കണ്ണും തമ്മിലടിത്താന്‍ കാതല്‍ എണ്ട്ര് അര്‍ഥം എന്ന് മനസില്‍ പാടുന്നു. വണ്‍വേ പ്രേമിക്കുന്നു. പിന്നെ ആഴ്ചകളോളം ദിവസങ്ങളോളം അണ്ണന്‍ റിച്ചയെ ബസ്സ് സ്റ്റോപ്പില്‍ വെച്ച് ലൈനിട്ടോണ്ടേ ഇരിക്കുന്നു (റീച്ച കാണാതെ).

അഡേയ് അണ്ണാ നീങ്കെ ശെന്ന് ഉങ്കളോടെ കാതല്‍ അവളോട് സൊല്ലുങ്കോ , എന്നാലല്ലേ അവള്‍ക്കും നീങ്കളോട് കാതല്‍ വരൂ എന്ന് അണ്ണന്റെ കോമണ്‍ സെന്സുള്ള ഫ്രണ്ട്സ് എല്ലാം (എണ്ണത്തില്‍ തീരെ കുറവാണെങ്കിലും ) അണ്ണനോട് പല വാട്ടി സൊല്ലുന്നു. അണ്ണന്‍ കേള്‍ക്കുന്നില്ല. അപ്പോള്‍ ഫ്രന്റ്സ് ചോയ്ക്കുന്നു. പ്രപ്പോസ് ചെയ്താല്‍ എന്താ?

അണ്ണന്‍ : പ്രപ്പോസ് ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ക്കറിയാമോ?
ഫ്രണ്ട്സ് : "ഇല്ല"

അണ്ണന്‍ " "സത്ത് പോവും‌ ണ്ടാ"

ഇത് പറയുമ്പോള്‍ ഇടിവെടുന്ന ഒരു ബാക്ഗ്രൗണ്ട് മ്യൂസിക് വരുന്നു. ഫ്രണ്ട്സ് ഞെട്ടുന്നു പ്രേക്ഷകര്‍ ഞെട്ടുന്നു. പ്രപ്പോസ് ചെയ്താല്‍ ആളു വടിയാകുമോ? അതെങ്ങനെ?

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്ത്തിക്കൊണ്ട് അണ്ണന്റെ വാക്കുകളിലൂടെ ആ കഥ ചുരുളഴിയുന്നു. അണ്ണന്റെ ഒരു ഫ്രണ്ട് പണ്ട് ഒരു അന്യമതക്കാരി പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ട് സുഹൃത്തുക്കളേ... ആ ഫ്രണ്ട് കാമുകന്‍ പ്രപ്പോസ് ചെയ്യാന്‍ മടിക്കുന്നത് അണ്ണനു ഇഷ്ടപ്പെടുന്നില്ല. അണ്ണന്‍ ഫ്രണ്ടിനെയും വിളിച്ച് നേരെ പെണ്ണിന്റെ വീട്ടിച്ചെന്ന് അങ്ങ് പ്രപ്പോസ് ചെയ്യുന്നു. അത് കേട്ട് അപമാനം സഹിക്കാന്‍ വയ്യാതെ പെണ്ണിന്റെ അച്ഛന്‍ വിഷമിക്കുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെങ്കിലും ഒരു താല്‍ക്കാലികാശ്വാസം എന്ന നിലയ്ക്ക് അച്ഛന്‍ അങ്ങ് തൂങ്ങിമരിക്കുന്നു. ഇത് പെണ്‍കുട്ടിയ്ക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. അവള്‍ ഓടിച്ചെന്ന് ഒരു തീവണ്ടി നെഞ്ചുകൊണ്ട് സ്റ്റോപ്പ് ചെയ്യാന്‍ ശ്രമിക്കുന്നു. അവളും കാലപുരി പൂകുന്നു.

കഥ കേട്ടതോടെ പ്രപ്പോസ് ചെയ്യുന്നത് അത്യന്തം അപകടസാധ്യതയുള്ള ഒരു പരുവാടിയാണെന്ന് നന്പര്‍ എല്ലാം ഒറ്റ ശബ്ദത്തില്‍ സമ്മതിക്കുന്നു. അങ്ങനെ ആ പ്രപ്പൊസല്‍ നടക്കുന്നില്ല കൂട്ടരെ...

അങ്ങിനെ സൈദാപ്പേട്ട് സ്റ്റോപ്പില്‍ ദിനവും റീച്ചയെ വായിനോക്കി നിന്ന് അണ്ണന്‍ കാലം കഴിക്കെ അണ്ണന്റെ വിവാഹപ്രായം ഒക്കെ ഏതാണ്ട് തീരാറാകുന്നു. അപ്പോള്‍ കൃഷ്ണ (മ്മടെ മലയാളി കൃഷ്ണ) അണ്ണനെ സമീപിച്ച് കോളേജിലെ ഒരു കൊച്ചിനെ ഇഷ്ടമാണെന്നും എങ്ങനേലും ലൈനാക്കിക്കൊടുക്കണം എന്നും അണ്ണനോട് വിനീതസ്വരത്തില്‍ അഭ്യര്‍ഥിക്കുന്നു. സദാസമയവും ആതുരസേവനത്തില്‍ ആകൃഷ്ടനായ അണ്ണന്‍ മുന്‍ പിന്‍ നോക്കാതെ സഹായിക്കാമെന്നേല്‍ക്കുന്നു. അണ്ണന്‍ ആകാശത്തും മരത്തിന്റെ മോളിലും ഒക്കെ നോക്കി ഒരു പ്രണയകവിത അങ്ങട് കാച്ചുന്നു. അത് കൃഷ്ണ സ്വന്തമാണെന്ന മട്ടില്‍ കാമുകിക്ക് സമര്‍പ്പിക്കുന്നു. കവിതൈ പടിത്ത് കാമുകി മൂക്കും കുത്തി വീഴുന്നു. ഒരുവിധം കൃഷ്ണ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നു. അവരു പ്രേമിക്കുന്നു.

അവരുടെ വിവാഹത്തിനു വീട്ടുകാര്‍ സമ്മതിക്കുന്നില്ല. അതോടെ ദളപതി അണ്ണന്‍ ഉഷാര്‍! ഒരു രജിസ്റ്റര്‍ മാര്യേജിനു കൂടി സാക്ഷി ഒപ്പിടാന്‍ അവസരം കെടച്ചിരിക്കുന്നു. അതിനായി താന്‍ അവസരപ്പെട്ടിരുന്തത്.. കെടച്ചാച്ചേ. പത്താം തീയത് ആള്‍വാര്‍പ്പേട്ട് രജിസ്റ്റര്‍ ആപ്പിസില്‍ പത്തരക്ക് കാമുകിയുമായി എത്താന്‍ കൃഷ്ണയോട് ശട്ടം കെട്ടുന്നു. ആര്‍ക്കോട്ടൈ ഗണപതിയ്ക്ക് തേങ്ങ ഉടച്ച് പത്തരയ്ക്ക് രജിസ്റ്റര്‍ മാര്യേജ് ചെയ്യിക്കാന്‍ എത്തുന്ന ദളപതി അണ്ണന്‍ ആ ദുഃഖസത്യം അറിഞ്ഞ് ഞെട്ടുകയാണ് കൂട്ടുകാരെ ഞെട്ടുകയാണ്. അണ്ണന്റെ കവിത കേള്‍പ്പിച്ച് കൃഷ്ണ ലൈനടിച്ച ബിടെക്കുകാരി പെണ്‍കുട്ടി മറ്റാരുമല്ല, സൈദാപ്പേട്ട് റിച്ച പനക്കല്‍ തന്നെയാണ് കൂട്ടുകാരേ...

പിന്നെ സീനില്‍ സെന്റിമെന്റ്സിങ്ങനെ ഒഴുകുകയായി.. അണ്ണന്‍ കൃഷ്ണയെ നോക്കി ശിരിക്കുന്നു. ക്യാമറയില്‍ നോക്കി കരയുന്നു. തിരിഞ്ഞ് നിന്ന് ശിരിച്ച് കൊണ്ട് സാക്ഷി ഒപ്പിടുന്നു. പിന്നെയും തിരിഞ്ഞ് നിന്ന് ക്യാമറയെ നോക്കി കരയുന്നു. ശിരിക്കുന്നു കരയുന്നു. ശിരിക്കുന്നു കരയുന്നു.. ഇങ്ങനെ അഞ്ച് മിനിട്ട് കാണിക്കുന്നു. അവരുടെ കല്യാണം മം ഗളമായി നടത്തിക്കൊടുത്ത ശേഷം കരഞ്ഞുകൊണ്ട് നടന്നകലുന്ന അണ്ണനെ സ്റ്റെഡിക്യാം പിന്തുടരുന്നു. ഒപ്പം കരഞ്ഞുകലങ്ങിയ പ്രേക്ഷകഹൃദയങ്ങളും...

Comments

  1. Njanum ee cinemayude aaradhakanalla. Pakshe ithentho Vimarshanam Joli Aakiya oraal ezhuthiyapolundu.

    ReplyDelete
  2. kettitlle film critic ennu. Athreyollu

    ReplyDelete
  3. ആ പടത്തിനേക്കാൾ തരംതാണതാണല്ലോ എഴുത്തിന്റെ നിലവാരം...
    ചിത്രത്തിന്റെ പേരു തന്നെ ഷാജകാൻ എന്ന് വികൃതമായി എഴുതി സാർക്കാസം ഉണ്ടാക്കാൻ കഷ്ടപ്പെടുന്നുണ്ട്‌ പാവം..

    ReplyDelete
    Replies
    1. കോമഡിക്കു വേണ്ടി തന്നെ ആണെങ്കിലും, ഷാജകാൻ എന്ന് വികലമായി എഴുതിയെക്കുന്നതല്ല അത്. തമിഴിൽ ഷാജകാൻ എന്നാണു പറയുക - എഴുതുന്നതും അങ്ങനെ തന്നെ. തമിഴ് വായിക്കാൻ അറിയാവുന്ന ഏതെങ്കിലും സുഹൃത്തുക്കളോട് ചോദിച്ചുനോക്കൂ. கா kaa, ஹா haa

      Delete
  4. ആശയ ദാരിദ്രം... വെറെ വല്ല പണിക്കും പോയി കൂടെ ഇഷ്ട...

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം