ആര്‍ഷ ഭാരത ഫെയ്സ് ബുക്ക്‌ അഥവാ ഭാരതത്തിന്റെ സ്വന്തം വദന ഗ്രന്ഥം

By Basil P Das


സീന്‍  1

കാലം  ത്രേതാ  യുഗം .

കണ്വ മുനിയും  മകള്‍  ശകുന്തളയും വനാന്തരത്തിലെ ഇരുനില മാളികയില്‍ സുഖമായങ്ങനെ  ജീവിക്കുന്നു .

എങ്ങനെ  എന്ന്  ചോദിച്ചാല്‍ .. രാവിലെ കണ്വന്‍ പണിസാധനങ്ങളുമായി ഒരു  പോക്കങ്ങു  പോകും .പണി സാധനം എന്ന് പറഞ്ഞാല്‍ കമണ്ടലു, പിന്നെ  വിശ്രമിക്കുമ്പോള്‍ കയ്യോ തലയോ എടുത്ത് വെക്കാനുള്ള ആ കവട്ട കോലും.

രാവിലെ ഫസ്റ്റ് ബസ് പിടിച്ച് കണ്വന്‍ പട്ടണത്തില്‍ എത്തും.  വീട് വീടാന്തരം  കയറിയിറങ്ങി വില്ലേജ് ആപ്പീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയഎന്ന വ്യാജേന സ്വന്തമായി അച്ചടിച്ച നോട്ടീസ് കൊടുക്കും.

"താര്‍ മരുഭൂമിയില്‍  ഉണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ട്ടമായ യുവാവാണ് ഈ നോട്ടീസുമായി വരുന്നത്.വിവാഹപ്രായമെത്തിയ മകളും കാസാ രോഗിയായ ഭാര്യയും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തെ കനിവുള്ളവര്‍ സഹായിക്കണം. എന്ന് താര്‍ മരുഭൂമിയിലെ വില്ലേജ് ആപ്പീസര്‍ ഒപ്പ്."

 വൈകുന്നേരം  കിട്ടിയതില്‍  നിന്ന്  രണ്ടു ലാര്‍ജും  അടിച്ച് ബാക്കി കാശിനു അരിയും മണ്ണെണ്ണയും  വാങ്ങി കണ്വന്‍ വീട്ടില്‍  വരും .

മുനി  മിനുങ്ങി  വരുന്നത്  വരെ  ശകുന്തള  ആശ്രമത്തില്‍ ഒറ്റയ്ക്ക്  ..ഒറ്റയ്ക്കിരുന്നു   ബോറടിച്ചപ്പോള്‍ ശകു അച്ഛനോട്  പരാതി  പറഞ്ഞു .

എനിക്ക്  വല്ലാതെ  ബോറടിക്കുന്നച്ചാ.

മകളുടെ  പരാതി  കേട്ട  കണ്വന്റെ പിതൃ മനസ്  വേദന കൊണ്ട് വിജ്രുംഭിച്ചു .പിന്നെയൊന്നും ആലോചിച്ചില്ല.  ഉടന്‍ തന്നെ ഘോര പരീക്ഷണം  ആരംഭിച്ചു. മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന് പേരിട്ട വമ്പന്‍ പ്രോജക്റ്റ്.

അതി കഠിന പരീക്ഷണങ്ങളിലൂടെ കടന്നു പോയ ശേഷം   രണ്ടാം  ദിവസം ഒരു   ധൈഷണിക ചത്വരം  (കംപ്യുട്ടര്‍) കണ്വന്‍ നിര്‍മ്മിച്ചു .അത്കൊണ്ട് നിര്‍ത്താന്‍ കണ്വന്റെ ശാസ്ത്ര ബോധം അനുവദിച്ചില്ല. പിന്നെയും പരീക്ഷണം  തുടര്‍ന്നു .മണിക്കൂറുകള്‍ ,ദിവസങ്ങളായി,ദിവസങ്ങള്‍ ആഴ്ചയായി മാറിയപ്പോള്‍ കണ്വന്‍   വദന ഗ്രന്ഥം എന്ന പുതിയൊരു സംഭവം  സംഭവം  കണ്ടു പിടിച്ചു  .തന്റെ കണ്ടുപിടുത്തങ്ങള്‍  മകള്‍ക്ക്  സമ്മാനിച്ചു കൊണ്ട് കണ്വന്‍ ഇങ്ങനെ പറഞ്ഞു.

."യഹാ ഹേ  ബേട്ടീ ആപ് കാ  ബോറടി  മാറ്റാന്‍  ഉള്ള  യന്ത്രം .ഇതില്‍  നിനക്ക്  ഗെയിം  കളിക്കാം ,ഫോട്ടോഷോപ്പില്‍  ഫോട്ടോ ഭംഗി കൂട്ടാം ,പിന്നെ  വദന ഗ്രന്ഥത്തില്‍  പോസ്റ്റ്‌ ചെയ്തു കളിക്കാം .ഉം ..തുടങ്ങിക്കോ . മെയ്ഡ് ഇന്‍ ഇന്ത്യ. ഈ കണ്ടുപിടുത്തം ഞാന്‍ നാളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കും.വദനഗ്രന്ഥത്തില്‍ പ്രൊഫൈലുകള്‍ കുമിഞ്ഞുകൂടും .ചാറ്റും, ,പോസ്റ്റും ,കമന്റും ,ലൈക്കും, ഷെയറും ചെയ്തും എന്റെ മകാളുടെ ബോറടി മാറും.ഇല്ലെങ്കില്‍ ചാത്തന്മാര്‍ മാറ്റും. ..ബുഹ ഹ ഹ ഹ.."

കല്ലേ പിളര്‍ക്കുന്ന  കല്‍പ്പന ശകുന്തള  ശിരസാ  വഹിച്ചു .ധൈഷണിക ചത്വരത്തില്‍  ഫോട്ടോഷോപ്പ്  ചെയ്തു  വൃത്തികേടുകള്‍ മറച്ച  ഒരു ചിത്രം സൃഷ്ട്ടിച്ചു. വദന ഗ്രന്ഥം  തുറന്നു   പോസ്റ്റ്‌  ചെയ്തു .എന്നിട്ട്  ലൈക്കിനായി  കാത്തിരുന്നു .

പിറ്റേന്ന് പ്രഭാതം

 തന്റെ  പുതിയ  കണ്ടുപിടുത്തം  വിറ്റു പട്ടയടിക്കാന്‍ തന്നെ  കണ്വന്‍ തീരുമാനിച്ചു .  ഒരു ധൈഷണിക ചത്വരവുമായി കണ്വന്‍  രാജ കൊട്ടാരത്തില്‍  എത്തി .

തനി ഫ്രീക്കനായി  നടന്ന രാജകുമാരന്‍  ദുഷ്യന്തന് പുതിയ  സംഭവം  വല്ലാതങ്ങ്  ഇഷ്ട്ടമായി ..pWoLiChU bRoW എന്ന ഫ്രീക്കന്മാരുടെ അഭിവാദ്യ  ശൈലിയില്‍  കണ്വനെ കെട്ടിപ്പിടിച്ചു  നാല്  ഉമ്മയും  കൊടുത്തു . മൂന്നു  പൈന്റിനുള്ള കാശിനു പുതിയ  യന്ത്രം  വാങ്ങി  റൂമില്‍  വച്ചു.

വദന ഗ്രന്ഥം  തുറന്ന് Dush Smokie Spoof എന്ന  പേരില്‍  ഒരു  പ്രൊഫൈല്‍  ആരംഭിച്ചു . സ്പൈക്  ചെയ്ത് വൈക്കോല്‍ തുറുപോലെ ആക്കിയ മുടിയും മൂര്‍ച്ച പോയ  ബ്ലെയ്ഡ്  കൊണ്ട്  വടിച്ച്‌ വവ്വാല്  ചപ്പിയ  മാങ്ങാണ്ടി  മാതിരി  ആക്കിയ  താടിയും  എല്ലാം  കൂടി  ഒരു  mOi ChUnKz ലൂക്കിലുള്ള  ഫോട്ടോയും  അപ്പ്‌  ലോഡ്  ചെയ്തു.

അതാ  "ശകു കണ്വാശ്രമം" എന്ന  പേരില്‍  ഒരു  സുന്ദരിയുടെ  പ്രൊഫൈല്‍ .ഒന്ന്  പോക്ക് ചെയ്തു ..ഉടന്‍  വന്നു  തിരിച്ചൊരു പോക്ക് .ദുഷ്യന്‍  മോന്‍  ഒരു  റിക്വസ്റ്റ്  അയച്ചു .

അവള്‍  മെസേജ്  അയച്ചു ..ഹൌ ഡു യൂ  ക്നോ മീ ..?

ദുഷ്യന്‍ :ഓ  ഇങ്ങനൊക്കെയല്ലേ  ഫ്രെണ്ടുക്കള്‍  ആകുക ..പ്ലീസ്  ആഡ്  മീ  ..ആന്റ്  ലൈക്  മൈ  പ്രൊഫൈല്‍  പിക്ചര്‍ ..

എന്തോ  ആവട്ടെ  എന്ന്  കരുതി ശകുന്തള  ആട് ചെയ്തു .ഫ്രീ  ആയി  ഒരു ലൈക്കും കൊടുത്തു .<3 pWoLiChU bRoW :P  എന്നൊരു കമന്റും .

പിറ്റേന്ന്  മുതല്‍  ചാറ്റ്  തുടങ്ങി ..ദിവസങ്ങള്‍ വീക്കുകളായി,  വീക്കുകള്‍  മന്തുകളായി (ആ  മന്തല്ല ..മാസം ) പ്രണയം  മൊട്ടിട്ടു .പൂവായി  വിരിഞ്ഞു .അതങ്ങനെ  അനര്‍ഗ്ഗളനിര്‍ഗ്ഗളം  മുന്നോട്ടു  പോയി .

സീന്‍  2 

ലൊക്കേഷന്‍ ,മട്ടാഞ്ചേരി ,

 അത്യാവശ്യം കൊട്ടേഷന്‍ വര്‍ക്ക് ഏറ്റെടുത്തു നടത്തി മാന്യമായി ഉപജീവനം കഴിച്ചു പോന്ന ഭാര്‍ഗ്ഗവന്‍ എന്ന യുവാവ് .

അക്കാലത്ത് കൊച്ചിയിലേക്ക് ജ്യൂതന്മാരുടെ കുടിയേറ്റം ആരംഭിച്ചു .ഒരു ദിവസം കൊട്ടേഷന്‍ പണി കഴിഞ്ഞു നാട്ടുകാരുടെ ഇടി കൊണ്ട് വയറിളകി റോഡില്‍ കിടന്ന ഭാര്‍ഗ്ഗവനെ കുടിയേറി വന്ന ഒരു ജ്യൂത പെണ്‍കുട്ടി മരുന്നും വെള്ളവും നല്‍കി സംരക്ഷിച്ചു .

ഒരു പാട്ട് സീന്‍ കഴിഞ്ഞതോടെ ജ്യൂത പെണ്‍കൊടിയും ഭാര്‍ഗ്ഗവനും മുടിഞ്ഞ പ്രേമത്തിലായി . വടിവൊത്ത അക്ഷരത്തില്‍ ഭാര്‍ഗ്ഗവന്‍ ഒരു അപേക്ഷ എഴുതി അവളുടെ അപ്പന് കൊടുത്തു ." നിങ്ങളുടെ മകള്‍ എന്റെ ജവാനാണ് ,എനിക്ക് അവളെ കൊട്ടണം ".

അവളുടെ അപ്പന് ഒരു കണ്ടീഷനെ ഉണ്ടായിരുന്നുള്ളൂ ഭാര്‍ഗ്ഗവന്‍ ജ്യൂതനാവണം. അവളെ കെട്ടാന്‍ വേണ്ടി ലഷ്കര്‍ ഇ തോയിബ ആവാന്‍ പോലും തയ്യാറായിരുന്ന ഭാര്‍ഗ്ഗവന്‍ അങ്ങനെ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത വികലാംഗനായി, ജ്യൂതനായി.

മതം മാറിയവരെ ബ്ലടീ മലയാളീസ് മാര്‍ക്കം കൂടിയവന്‍ എന്നാണല്ലോ വിളിച്ചു പോന്നത് .. നമ്മുടെ ഭാര്ഗ്ഗവനെയും നാട്ടുകാര്‍ സ്നേഹപൂര്‍വ്വം അങ്ങനെ വിളിക്കാന്‍ തുടങ്ങി ,നാട്ടുകാരുടെ സഹായത്തോടെ  വെറും ഭാര്‍ഗ്ഗവന്‍  മാര്‍ക്കം കൂടിയ ഭാര്ഗ്ഗവനായി .

ഭാര്‍ഗ്ഗവന്‍ ജ്യൂത പെണ്ണിനെ വിവാഹം കഴിച്ചു.

അവര്‍ക്ക് ഒരു മകന്‍ ജനിച്ചു .മകനു അവര്‍  സുകുമാരന്‍ എന്ന് പേരിട്ടു .

നല്ലവരായ മലയാളികള്‍ സുകുമാരനേയും വെറുതെ വിട്ടില്ല .മാര്‍ക്കം കൂടിയ ഭാര്‍ഗ്ഗവന്റെ മകന്‍ സുകുമാരോ എന്ന് വിളിച്ചു പോന്നു .അങ്ങനെ നാട്ടിലും സ്കൂളിലും സുകുമാരന്റെ പേര് മാര്‍ക്കം കൂടിയ സുകുമാരന്‍ ഭാര്‍ഗ്ഗവന്‍ എന്നായി.

സുകുമാരന്‍ ഭാര്‍ഗ്ഗവന്‍ വളര്‍ന്നു യുവാവായി .ഒരു ദിവസം കടാപ്പുറത്ത്‌ കൂടി കടലയും കൊറിച്ചു വായില്‍ നോക്കി നടക്കുമ്പോള്‍ കാലില്‍ ചാള മുള്ള് കൊണ്ട് തിരിഞ്ഞു നില്‍ക്കുന്ന ശകുന്തളയെ സുകുമാരന്‍ കണ്ടു . ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് .സുകുമാരന്‍ വീണു പോയി . വീണിടത്ത് നിന്നും പൊടി തട്ടി എഴുന്നേറ്റ സുകു ശകുവിനോട് പ്രേമം പറഞ്ഞു .പക്ഷെ ദുഷ്യന്തനുമായി വദന ഗ്രന്ഥത്തില്‍ പ്രണയത്തില്‍  ആണ്  താന്‍  എന്ന  നടുക്കുന്ന  സത്യം  അവള്‍  പറഞ്ഞതോടെ സുകു ആകെ  തളര്‍ന്നു പോയി .

എങ്ങനെയും  ഈ  പ്രേമം  പൊളിക്കണം .സുകു  ഉറപ്പിച്ചു . ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലില്‍ ചേരുന്നെങ്കില്‍ ശകു സുകിവിനുള്ളതാണ്.

ആ വൃത്തികെട്ട വദന ഗ്രന്ഥമാണ് എല്ലാത്തിനും കാരണം.അത് ഹാക്ക് ചെയ്യണം .സുകു ഉറപ്പിച്ചു.  വദന ഗ്രന്ഥം ഹാക്ക് ചെയ്യാനുള്ള തന്ത്രങ്ങള്‍ സുകു ആവിഷ്കരിച്ചു. വളരെ സിമ്പിള്‍ ആയി  ഹാക്ക് ചെയ്യാനുള്ള വിദ്യ സുകു കണ്ടുപിടിച്ചു. കണ്വന്റെ കയ്യിലുള്ള സോഫ്റ്റ്‌വെയര്‍ അടിച്ചു മാറ്റുക .അതല്ലാതെ വേറെ ബുദ്ധിയൊന്നും തെളിയുന്നില്ല.

ഒരു  അര്‍ദ്ധരാത്രിയില്‍ കണ്വ മഹര്‍ഷിയുടെ വീടിന്റെ ജനല്‍ കമ്പി വളച്ച് സുകു അകത്തു കയറി ,  വദന ഗ്രന്ഥത്തിന്റെ സോഫ്റ്റ്‌ വെയര്‍ വച്ചിരുന്ന കണ്വന്റെ അണ്ടര്‍ വെയറും അടിച്ചു കൊണ്ട് കടന്നു കളഞ്ഞു. സല്‍സ അടിച്ചു പറ്റായിക്കിടന്ന  കണ്വന്‍ ഇതൊന്നുമറിഞ്ഞില്ല.  പക്ഷെ കണ്വന്റെ പട്ടി ഹാക്കര്‍  സുകുവിനെ കണ്ടു.   നട്ടപ്പാതിരായ്ക്ക് തന്റെ അധികാര പരിധിയില്‍ ഹാക്ക് ചെയ്യാന്‍ വന്ന സുകുവിനെ പട്ടി  അറഞ്ചം പുറഞ്ചം കടിച്ചു.

 കടി കൊണ്ട സുകു കടപ്പുറത്തുകൂടി ഓടുമ്പോള്‍ കാലിഫോര്‍ണിയയിലേക്ക് ചരക്കുമായി പോകുകയായിരുന്ന ഉരു നമ്മുടെ കബീറിക്ക ദാസനും വിജയനും വേണ്ടി ദുബായി കടപ്പുറം വഴി തിരിച്ചു വിട്ടുകൊണ്ടിരിക്കുകയായിരുന്നു .പ്രാണരക്ഷാര്ധം സുകു ആ ഉരുവില്‍ കയറി .

ഏറെ നാള്‍ നീണ്ട യാത്രയ്ക്കൊടുവില്‍  സുകു അമേരിക്കയില്‍ എത്തി .

കണ്ട്രി ഫെല്ലോസ് ആയ തന്റെ മാതാപിതാക്കള്‍ ഇട്ട വൃത്തികെട്ട പേര് അമേരിക്കയില്‍ ചെന്ന പരിഷ്കാരിയായ സുകുമാരന് ഇഷ്ട്ടമായില്ല .

മത്തായി പരിഷ്കാരിയാകുമ്പോള്‍ MA   THAI ആകുന്നതു പോലെ മാര്‍ക്കം കൂടിയ സുകുമാരന്‍ ഭാര്‍ഗ്ഗവന്‍ എന്ന വിളിപ്പേര് സുകു  ഒന്ന് പരിഷ്കരിച്ചു .  മാര്‍ക്ക് സുക്കര്‍ ബര്‍ഗ് എന്നാക്കി .

കണ്വ മഹര്‍ഷിയുടെ അണ്ടര്‍ വെയറില്‍ നിന്നും സോഫ്റ്റ്‌ വെയര്‍ പുറത്തെടുത്ത്  പേറ്റന്റ് സ്വന്തമാക്കി പേരും പരിഷ്കരിച്ചു . വദന ഗ്രന്ഥം ഫെയ്സ് ബുക്ക്‌ ആയി .

അങ്ങനെ നിങ്ങളിന്ന് കാണുന്ന ഫെയിസ് ബുക്കിന്റെ ഉദയമായി!

അതെ സമയം സുകുമാരന്‍ ദുഷ്യന്തെന്റെയും ശകുന്തളയുടെയും വദന ഗ്രന്ഥ പ്രൊഫൈലുകള്‍ ഡിലിറ്റ് ചെയ്യുകയും ചെയ്തു .പ്രൊഫൈല്‍  നഷ്ട്ടമായ  ദുഷ്യനും  ശകുന്തളയും കോണ്ടാക്റ്റ്  ചെയ്യാന്‍  ആവാതെ  വിഷമിച്ചു . അങ്ങനെയാണ് അവരുടെ പ്രണയം പൊളിഞ്ഞത്.

എവന്‍ തനി കണ്ട്രി മട്ടാഞ്ചേരി ഫ്രീക്കനാ .മാര്‍ക്കം കൂടിയ സുകുമാരന്‍ ഭാര്‍ഗ്ഗവന്‍ .പച്ച പരിഷ്കാരി മാര്‍ക്ക് സുക്കര്‍ബര്‍ഗ് .


PROUD AND SHARE 

ഓരോ ഭാരതീയനും ഷെയര്‍ ചെയ്യുക ..ഇത് നമ്മള്‍ക്ക് അഭിമാനം ...ബോലോ ഭാരത്‌ മാതാ കീ ....ജയ്‌..

Comments

  1. Super aayittund...pothuve comment cheyaan madiyaan enik..pakshe ingane oru nalla blogine aarum comment cheyyaathe pokunnath enik sahikkoolaa... 😊😊...vadhana grendham kalakki...kidukki...thimirthu

    ReplyDelete
  2. haha...thakartthu. atheeva bhaavana..kalabodam.balai besh !

    ReplyDelete
  3. ഹഹഹ മാരക ഭാവന... മാര്‍ക്കം കൂടിയ സുകുമാരന്‍ അക്കാ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് ഇതൊന്നും കേള്‍ക്കണ്ട... ബ്ലോക്കി കളയും...

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം