ഇറവറന്റ്, ഔട്ട്സ്പോക്കൺ ഡോക്ടർ ഈപ്പച്ചൻ

 By Nelson Joseph


" സത്യത്തില് ആർക്കും ചോദിക്കാം, ഒരു പത്രമുതലാളിക്കെന്താ ചികിൽസാവിഷയത്തില് കാര്യമെന്ന്..അല്ലേ മിസ്റ്റർ മോഹനൻ...? "

" അല്ല, അതിപ്പൊ മൊതലാളീ.."

" എന്നാലൊരുപക്ഷേ പറഞ്ഞുവരുമ്പോഴ്....സമ്പന്നരായ രോഗികളിൽ പലരും നമ്മുടെ പത്രത്തിന്റെ വായനക്കാരാണ്...അല്ലേ മിസ്റ്റർ വടക്കൻ? "

" ആന്നേ..."

" അപ്പൊപ്പിന്നെ ഈ ആരോഗ്യവും നമുക്കൊരു പത്രവിഷയമാണ്. എന്താ വേറിട്ടൊരഭിപ്രായമുണ്ടോ ഹിജുവിന്? "

" പൊത്തകത്തിൽ പറയുന്നതിനപ്പുറം....."

" ഹനുമാനോടാ? ചേട്ടന്മാരുടെ അഭിപ്രായം തന്നെ ആന്നോ? "

" ആന്നേ...."

" അപ്പൊപ്പിന്നെ ഈ പാവപ്പെട്ട പത്രക്കാരനും ആരോഗ്യവിഷയത്തില്...."

" എടപെടാമേ..."

" അല്ലാ, ഞാൻ പറഞ്ഞുവരുന്നതെന്താണെന്ന് കേട്ടില്ല ഡോക്ടർ ഈപ്പച്ചൻ...ഒരുഭാഗത്ത് നിങ്ങള് അലോപ്പതിക്കാർ തനിച്ച്. മറുഭാഗത്ത് നാട്ട് വൈദ്യക്കാരും മറ്റുള്ളോരും... വർഷം കൊറച്ചായില്ലേ ഈപ്പച്ചാ നിങ്ങള് രണ്ട് കൂട്ടരും കൂടെ ആരോഗ്യമേഖലേൽ കിടന്ന് വെറുതെ തമ്മിലടിക്കുന്നു? ഈ വന്ന കാലമെല്ലാം ജയിച്ചത് മുഴുവൻ ഈപ്പച്ചൻ. ഇവരും ഹിജാമയുമൊക്കെ എന്നും തോറ്റുതന്നിട്ടല്ലേയുള്ളൂ? എന്നാൽ ഇത്തവണ ഇവരും തീർത്താൽ തീരാത്ത വാശീലാ...സോ വെറുതെ പേഴ്സണൽ ഇഷ്യൂ ഒന്നും ആക്കാതെ....പത്തറുപത് കൊല്ലം ഈ മഹാഭാരതത്തിലെ ഹോസ്പിറ്റലുകൾ മൊത്തം അടച്ചുഭരിച്ചിട്ടും മതി തീർന്നില്ലേ ഡോക്ടർ ഈപ്പച്ചൻ? ഈ രാജ്യത്തിന്റെ തന്നെ ട്രീറ്റ്മെന്റുകളല്ലേ ഇവരും? ഇവർക്കും ഒരവസരം കിട്ടട്ടെ..."

" ഒറ്റപ്ലാമൂട്ടിൽ മൾട്ടിസ്പെഷ്യൽറ്റി ഹോസ്പിറ്റൽ, അതായത് ഈ നിക്കുന്ന കുന്നേൽ ഔതക്കുട്ടീടെ കെട്ട്യോൾടെ ആശുപത്രി. മൊതലാളി വീട്ടിലെ പ്രസവമൊക്കെ പ്രോൽസാഹിപ്പിക്കുമ്പൊഴും അവിടിപ്പൊഴും പ്രസവമെടുക്കുന്നത് ഗൈനക്കോളജിസ്റ്റ് തന്നെയ അല്യോ? "

" ഹൗ ഇഡിയോട്ടിക്, ഡോക്ടർ ഈപ്പൻ, ഇന്ത്യൻ സിസ്റ്റങ്ങളും സായിപ്പിന്റെ ട്രീറ്റ്മെന്റും തമ്മില് സ്പർദ്ധ വേണ്ടാന്നേ ഞാൻ കരുതിയുള്ളൂ. ബട്ട് യൂ ടെറിബിളി ഇൻസൾട്ടെഡ് മീ...എടോ , ഈ ശാസ്ത്രത്തിന്റെ മഹത്വം അറിയണമെങ്കില് കണ്ട മാഫിയ മരുന്നുകമ്പനികൾക്ക് ആൾക്കാരെ വിറ്റുകിട്ടുന്ന പണം കൊണ്ട് നാട്ടുകാരുടെയിടയ്ക്ക് വാക്സിൻ വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയാപ്പോരാ....ഇവരെപ്പോലെ ചികിൽസാ പാരമ്പര്യം വേണം, സൈഡ് എഫക്റ്റില്ലാതിരിക്കണം...കുറഞ്ഞപക്ഷം പ്രസവം രോഗമാക്കാതെ വീട്ടിൽ പ്രസവിക്കാനെങ്കിലും അറിയണം.. യൂ ആർ ബട്ട് റ്റൂ ഇറവറന്റ് ആൻഡ് ഔട്ട്സ്പോക്കൺ.. "

" നേരാ മുതലാളീ… ഈപ്പച്ചൻ മരുന്ന് മാഫിയക്കാരനാ... ഒരു സാധാരണക്കാരനായിരുന്നു എന്റെ അപ്പൻ... ദേവീടെ വിത്തുവീണ് അപ്പച്ചൻ കിടപ്പിലാകുമ്പൊ എനിക്ക് ഒമ്പത് വയസ്..അപ്പനെ പിടിച്ച ദേവി വിത്തെറിയുന്നെന്ന് ഓമനപ്പേരുള്ള വസൂരിക്ക് ചികിൽസിക്കാനായിട്ട് അമ്മേടെ കൂടെ ഓടിനടക്കുമ്പൊ അന്നെന്റെ പത്താമത്തെ പിറന്നാളാ....അന്ന് കണ്ണിറുക്കി അടച്ചോണ്ടാ ഇതുപോലത്തെ വെളുവെളുത്ത കുപ്പായമിട്ട വൈദ്യന്മാര് അപ്പന്റെ ശരീരത്തിനിട്ട് ആട്ടീത്..കൊണ്ടെ ചുടുകാട്ടിൽ തള്ളാൻ..പനമ്പായേൽ പൊതിഞ്ഞ് അപ്പന്റെ ശരീരം ചുടുകാട്ടിൽ കൊണ്ട് വയ്ക്കുമ്പൊ എന്റെ കണ്മുന്നില് ദേ, ഇപ്പഴും കാണാം തിരുമേനീ....ഈ വലിപ്പത്തിലുള്ള കുരുക്കള്....അപ്പന്റെ കണ്ണിലും മൂക്കിലും...അന്യൻ വിയർക്കുന്ന കാശും കൊണ്ട് ചോരേം ഊറ്റി മുണ്ടും കരിച്ച് തട്ടിപ്പ് ചികിൽസ നടത്തുന്ന വ്യാജന്മാരോട് അന്ന് തീർന്നതാ മുതലാളീ ബഹുമാനം..ഇപ്പൊ എനിക്ക് അതിനോട് മൊതലാളി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ....എന്നതാടാ അത്? നീ തല കുലുക്കിയല്ലോ.."

"  " കറ...കറവ...."

" കറവയല്ലെടാ...ഇറവറൻസ്...ബഹുമാനക്കുറവ്...ങാ, പിന്നെ സർക്കാരിന്റെ വക സൗജന്യ വാക്സിൻ വിതരണം ചെയ്യുന്ന കാര്യം....അതുമൊരു കഥയാ...പത്താമത്തെ വയസിൽ അപ്പൻ കിടന്നതിന്റെ വലതുഭാഗത്തോട്ട് അമ്മേം ദേവി കൊണ്ടുപോയപ്പൊ രോഗം വരാതിരിക്കാനുള്ള പ്രതിരോധം തീർത്തുതന്നത് സിദ്ധനും വ്യാജന്മാരുമൊന്നുമല്ലാ....അങ്ങാടീൽ ചുറ്റിത്തിരിഞ്ഞുനടന്ന ഒരു പാവം അച്ചുകുത്തുപിള്ളയാ..ഒരു വാക്സിൻ കാരൻ...അതിന്റെ സ്മരണേലാ മൊതലാളീ, ഈപ്പച്ചന്റെ ആശുപത്രീൽ ഇപ്പൊഴും വാക്സിനേഷൻ.."

" മിസ്റ്റർ ഈപ്പൻ..."

" ഹ, കഴിഞ്ഞില്ല, ഇനീം ഒണ്ട്..വീട്ടിലെ പ്രസവം....കേട്ടോ മൊതലാളീ, എന്റെ അപ്പൻ വസൂരി വന്ന് മരിക്കുന്ന കാലത്ത് ഈ നിൽക്കുന്ന പാരമ്പര്യമഹിമക്കാരൻ പ്രകൃതിസ്നേഹിക്കും ഭാര്യയ്ക്കും അന്നത്തെ അവന്റെ നാലുകെട്ടിനകത്താ പേറ്...പ്രസവമെന്ന് വച്ചാല്....കെട്ടിയോളെ ഇരുട്ടുമുറിക്കാത്തിടണം...വയറ്റാട്ടിയെ വിളിച്ചോണ്ട് വരണം..മുറ്റത്തൂണ്ടെ തേരാ പാരാ നടക്കണം..പിന്നെ.."

" ദേ ഈപ്പച്ചാ..."

" ഛി..മിണ്ടിപ്പോകരുത്.. മൊതലാളി കണ്ടുകാണും ഇവന്റെ താഴെയുള്ള നാലെണ്ണമുണ്ടല്ലോ..ഇന്ന് ഒടലോടെ ലോകത്തില്ല...ഒള്ളതിനാണെങ്കിൽ ബുദ്ധിക്ക് ചെറിയ ഏനക്കേടും...പ്രസവത്തിന്റെ കൊണം..."

" എടാ...."

" ഹ....നിന്നെയല്ലെടാ..നിന്റെ മുതുമുത്തശ്ശിമാരു തൊട്ട് പ്രസവിച്ച രീതിയാ ഞാനീപ്പറയുന്നത്..മൊതലാളി എന്നതാടാ അവസാനം പറഞ്ഞത്..."

" ഔട്ട്....ഔട്ട് പോസ്കൺ... "

" പോസ്കണല്ലെടാ...സ്പോക്കൺ....ഔട്ട് സ്പോക്കൺ..ആ അതുതന്നെ, അതിന്റെ കൊറവ് ഈപ്പൻ സഹിച്ചോളാം...കേട്ടോ മൊതലാളീ.. പ്രസവത്തിന്റെ കാര്യത്തിലും അതേ, വാക്സിനേഷനിലും അതെ..മനസിവച്ചോ മൊതലാളീ, ഐ ആം ഔട്ട് സ്പോക്കൺ."

Comments

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

Movie Review - War and Love - Sasi Palarivattom