ഫാന്‍സ് തല്ലും തള്ളും പണ്ടായിരുന്നെങ്കില്‍...
ഇന്ത്യൻ സിനിമയിൽ തന്നെ ചലനം സൃഷ്ടിച്ച ബിഗ് ബഡ്ജറ്റ് മഹാഭാരതത്തിന് ശേഷം രാമായണം കൂടി റിലീസിന് എത്തിയതോടെ കൃഷ്ണേട്ടൻ ഫാൻസും രാമേട്ടൻ ഫാൻസും തമ്മിൽ തല്ലും, താരങ്ങൾ തമ്മിൽ തള്ളും തുടങ്ങി.
ഏറ്റവും കൂടുതൽ അഭിനേതാക്കളെ അണിനിരത്തി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ മഹാഭാരതമാണ് ആദ്യ 100000 കോടി നേടുന്ന ചിത്രം. ഇന്ത്യൻ താരങ്ങൾ മാത്രം അഭിനയിച്ച ചിത്രമെന്ന നിലയിലും അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മാത്രമായി 5000 കോടി വേണ്ടി വന്നു എന്ന് ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവുമായ വ്യാസൻ വ്യക്തമാക്കിയിരുന്നു. വ്യാസന്റെ ധൈര്യം തന്നെയാണ് ഇത്രയും വലിയ ഒരു സിനിമ യാഥാർഥ്യമാകാൻ കാരണമായതെന്ന് സിനിമാ ലോകം ഒന്നടങ്കം അഭിപ്രായപ്പെട്ടു. വേൾഡ് സൂപ്പർ സ്റ്റാർ ജീസസ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടതും തന്റെ ഹിറ്റ് ചിത്രമായ ബൈബിളിനേക്കാൾ ആയിരം മടങ്ങ് ടെക്നിക്കൽ പെർഫെക്ഷനുള്ള ചിത്രമാണ് മഹാഭാരതമെന്നും പ്രശംസിച്ചിരുന്നു. അതിൽ അഭിനയിക്കാൻ പറ്റാതിരുന്നത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. CGI പരാമവധി ഉപയോഗിച്ച ചിത്രം കൂടിയായിരുന്നു മഹാഭാരതം. ക്ലൈമാക്സ് ഫൈറ്റ് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ തന്നെ രണ്ടാഴ്ചത്തെ ടിക്കറ്റ് സോൾഡ് ഔട്ടായതും വലിയ വാർത്തയായതാണ്. രണ്ടാമത്തെ ആഴ്ച പ്രേക്ഷകർ കയറി തുടങ്ങിയപ്പോഴേക്കും ചിത്രം ലാഭമായിരുന്നു. അത് തന്നെയാണ് സാറ്റലൈറ്റ് തുക വാങ്ങാതെ സ്വന്തമായി സാറ്റലൈറ്റ് വിട്ട് അതിലൂടെ വീട്ടിലേക്ക് സിനിമ എത്തിക്കാൻ അണിയറപ്രവർത്തകരെ നയിച്ചത്. പിന്നീട് കണ്ടത് കൃഷ്ണൻ എന്ന സൂപ്പർതാരത്തിന്റെ വാഴ്ചയായിരുന്നു. രാജ്യത്തുടനീളം ഫാൻസ് അസോസിയേഷനുകളും ക്ഷേത്രങ്ങളുമൊക്കെ ഉയർന്നു വന്നൂ..
ഈ വിജയം കുറച്ച് നാളായി പരാജയം മാത്രം രുചിച്ച രാമേട്ടനെയും ഫാൻസിനെയും തെല്ലൊന്നുമല്ലാ വിഷമപ്പിച്ചത്. മഹാഭാരതം പോലെയൊരു വലിയ ചിത്രം കിട്ടിയില്ലെങ്കിലും അവർക്ക് ആഘോഷിക്കാനുള്ള വകയുമായാണ് രാമായണം എത്തിയത്. മഹാഭാരതത്തെക്കാൾ മുമ്പ് പ്രഖ്യാപിച്ച പ്രോജക്റ്റ് ആയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് വൈകുകയായിരുന്നു. ഇതിൽ വിദേശ താരങ്ങളും അന്യഭാഷാ താരങ്ങളുമൊക്കെ ഉള്ളത് ചിത്രത്തിന്റെ ഹൈപ്പ് കൂട്ടി. കന്നട താരങ്ങളായ സുഗ്രീവൻ, ബാലി... ശ്രീലങ്കൻ താരങ്ങളായ രാവണൻ, ശൂർപ്പണക തുടങ്ങിയവരാണ് അതിൽ പ്രമുഖർ. മഹാഭാരതം ആക്ഷന് പ്രാധാന്യം കൊടുത്തപ്പോൾ രാമായണം ലക്ഷ്യം വെച്ചത് കുടുംബപ്രേക്ഷകരെയാണ്. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കാണിക്കുന്ന ധാരാളം മുഹൂർത്തൾ ചിത്രത്തിലുണ്ട്. രാമായണത്തിലും CGI ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങൾ വലിയൊരു വിദേശ മാർക്കറ്റാണ് തുറന്ന് കൊടുത്തത്. മൊഴിമാറ്റി എത്തിയ ചിത്രം ശ്രീലങ്കയിലും വലിയ വിജയമായിരുന്നു. പക്ഷെ അവിടെ ചിത്രത്തിന്റെ ക്ലൈമാക്സ് മറ്റൊന്നായിരുന്നു. രാമന്റെയും രാവണന്റെയും ആരാധകരെ തൃപ്തിപ്പെടുത്താനാണ് അങ്ങനെ ചെയ്തതെന്ന് സംവിധായകൻ വാത്മീകി വ്യക്തമാക്കി. യുക്തിക്ക് അപ്പുറത്ത് നിൽക്കുന്ന സീനുകൾ ധാരാളമുണ്ട് ചിത്രത്തിൽ. ഇത് ഫാന്റസി ചിത്രങ്ങളുടെ ഒരു ട്രെൻഡ് സൃഷ്ടിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം. ഈ വിജയം "ഇരട്ടി" മധുരമാണെന്ന് പറഞ്ഞ നിർമ്മാതാവ് 50001 കോടി നേടിയ ചിത്രത്തിന്റെ കളക്ഷൻ 100002 കോടി ആക്കി. റെക്കോർഡുകൾ ഭേദിച്ചെന്ന് അവകാശപ്പെടുമ്പോഴും രാമന് വടക്കുള്ള അത്രയും ഫാൻസ് പവർ മറ്റ് സ്ഥലങ്ങളിൽ നേടിയെടുക്കാൻ സാധിച്ചിട്ടില്ലാ. എന്നാലും ഹനുമാന്റെ വേഷം പ്രശംസ അർഹിക്കുന്ന ഒന്നാണ്. ചിത്രത്തിനായി ഫയർ എസ്കേപ്പ് പഠിച്ചത് അദ്ദേഹത്തിന്റെ സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം സൂചിപ്പിക്കുന്നു. കുട്ടികൾക്കിടയിൽ ഇനി തരംഗമാകാൻ പോകുന്ന മറ്റ് "മാൻ"മാരിൽ പ്രഥമനാണ് ഹനുമാൻ എന്ന് നിസ്സംശയം പറയാം.
ഈ തല്ലുകൾക്കും തള്ളുകൾക്കുമിടയിൽ ഫാൻസിന് വേണ്ടി അല്ലാതെ ബുദ്ധൻ, ഡിങ്കൻ തുടങ്ങിയ താരങ്ങൾ നല്ല സിനിമ തിരഞ്ഞെടുത്ത് ചെയ്യാൻ ശ്രമിക്കുന്നത് അഭിനന്ദനാർഹമാണ്.
Super satire high five for that
ReplyDeleteപൊളിച്ചടുക്കി....����
ReplyDeleteThechottichu
ReplyDeleteഅടിപൊളി..
ReplyDeleteഅടിപൊളി..
ReplyDelete