Interview - സൂപ്പർ സ്റ്റാർ നരേന്ദ്രൻ
പ്രശസ്ത സിനിമാതാരം ശ്രീ നരേന്ദ്രൻ ഇന്ന് നമ്മോടൊപ്പം 'ഭാരതഭൂമി'യിൽ അതിഥിയായെത്തിയിട്ടുണ്ട്. നമുക്കദ്ദേഹത്തിന്റെ വിശേഷങ്ങൾ ചോദിച്ചറിയാം.
- നമസ്കാരം സാർ
നമസ്കാരം
- സമീപകാലത്തിറങ്ങിയ അങ്ങയുടെ എല്ലാ ചിത്രങ്ങളും വൻ വിജയങ്ങളായിരുന്നല്ലോ. എന്ത് തോന്നുന്നു സാർ ഈ വിജയത്തിൽ?
ഈ വിജയം ഞാൻ പ്രേക്ഷകർക്ക് സമർപ്പിക്കുന്നു. ഞാൻ വെറുമൊരു നടൻ മാത്രം. എനിക്ക് പ്രതിഫലം തരുന്നവർക്ക് വേണ്ടി ഞാൻ അഭിനയിക്കുന്നു. എന്റെ തൊഴിൽ ഞാൻ നന്നായി ചെയ്യുന്നു അത്ര മാത്രം.
- താങ്കളുടെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് 'നോട്ടു നിരോധനം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്തു പറയുന്നു സാർ അതെപ്പറ്റി?
നോക്കു, ഹിറ്റുകളുണ്ടാക്കുന്നത് പ്രേക്ഷകരാണ്. ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണത്. പക്ഷേ നിങ്ങളെപ്പോലെയുള്ള മാധ്യമ പ്രവർത്തകർ എന്താണ് കാണുന്നത്. ടിക്കെറ്റെടുക്കാൻ ക്യൂ നിന്നവർ അടി കൂടിയപ്പോ മരണപ്പെട്ട ഒന്നോ രണ്ടോ പേരെയാണ് നിങ്ങൾ സെലിബ്രേറ്റ് ചെയ്തത്. ഈ വ്യവസ്ഥിതിക്കൊരു മാറ്റം വേണ്ടേ.
- സമീപകാലത്തിറങ്ങിയ സിനിമകളിൽ സാറിന് ഇഷ്ടപ്പെട്ട സിനിമകൾ ഏതൊക്കെയാണ്?
എന്റെ ഇഷ്ടം എന്നൊന്നില്ലല്ലോ. സീ , നമ്മളൊരു ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുമ്പോ ആ ഇൻഡസ്ട്രിയെ പ്രണയിക്കുന്നു. പ്രേക്ഷകരുടെ ഇഷ്ടം അത്രേയുള്ളു. അടുത്തിടെ ഇറങ്ങിയ 'ഗോമാത'യും 'പാക്കിസ്ഥാനിലേക്കുള്ള വഴി' യും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ വളരെ നല്ല ചിത്രങ്ങളാണ്. പൗരാണിക ഭാരതീയ പാരമ്പര്യങ്ങളിൽ അടിയുറച്ചു നിന്നു കൊണ്ടുള്ള സിനിമയായിരുന്നു 'ഗോ മാത'. ഭാരത മാതാവിന്റെ മാനം കെടുത്താനുള്ള അഭിനവ യൂദാസുകൾക്കുള്ള ശക്തമായ മറുപടിയായിരുന്നല്ലോ 'പാക്കിസ്ഥാനിലേക്കുള്ള വഴി'.
- തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു സാർ.
മാസ് സിനിമകൾക്ക് വളരെ സ്കോപ്പുള്ള ഒരു ഇൻഡസ്ട്രിയാണ് നമ്മുടേത്. ഒരു സഹനടനായി അഭിനയം തുടങ്ങിയവനാണ് ഞാൻ. 'അയോധ്യയിലെ രാമൻ' എന്ന സിനിമ വന്നപ്പോൾ എന്തൊക്കെ മുറവിളികളായിരുന്നു. പത്തോ നൂറോ പേർ ശ്രദ്ധിച്ചിരുന്ന എന്നെ ഒരു കലാകാരാനാക്കി ഉയർത്തി കൊണ്ട് വന്നത് ആ സിനിമയായിരുന്നല്ലോ. സാമുഹിക പ്രസക്തിയുള്ള 'ഗുജറാത്തിലെ ശൂലം' റിലീസായപ്പോൾ എന്തൊക്കെയായിരുന്നു ബഹളം. വയലൻസിന്റെ അതിപ്രസരം, കുട്ടികൾ വഴി തെറ്റുന്നു എന്നൊക്കെയായിരുന്നു വാദങ്ങൾ. എന്നെ ഒരു സൂപ്പർ താരമാക്കിയത് ആ ചിത്രമാണെന്ന് നിങ്ങൾക്കും അറിയാമല്ലോ.
- നവാഗതരേപ്പറ്റി എന്താണ് സാർ പറയാനുള്ളത്.
പിള്ളേരൊക്കെ നന്നായി ചെയ്യുന്നുണ്ട്. 'ഒരു ബി.സി.സി.ഐ സെക്രട്ടറിയുടെ കേസ് ഡയറി ' ,കലാപരമായി മികച്ചു നിന്നില്ലെങ്കിലും സാമ്പത്തികമായി നല്ല വിജയമായിരുന്നു. നോക്കു, ഒരു നവാഗതനാണ് അതിന്റെ സംവിധായകൻ. അതു പോലെ തന്നെ പ്രതീക്ഷിച്ച റിസൽട്ട് ഉണ്ടായില്ലെങ്കിലും ' ഡിജിറ്റൽ ഇന്ത്യ' മികച്ച ചിത്രമായിരുന്നു. വൻ ബഡ്ജറ്റിൽ ഒരുക്കിയതുകൊണ്ട് മാത്രമാണ് അത് സാമ്പത്തികമായി വിജയിക്കാതിരുന്നത്.
- പ്രമോഷൻ ചെയ്തു കൊണ്ട് സാറും ആ ചിത്രത്തിന്റെ ഒരു ഭാഗമായിരുന്നല്ലോ അല്ലേ?
അതേയതെ, വളർന്നു വരുന്ന പ്രതിഭകൾക്ക് നമ്മളേക്കൊണ്ട് ആവുന്ന ഒരു സഹായം. വളരെ ചെറിയ പ്രതിഫലത്തിനാണ് ഞാൻ അതിന്റെ പ്രമോഷൻ ചെയ്തത്. അഞ്ഞൂറു രൂപ എന്നൊക്കെ പറഞ്ഞ് പരിഹസിച്ച് വിവാദമുണ്ടാക്കാനാണ് അവിടെയും നിങ്ങൾ മിഡിയാക്കാർ ശ്രമിച്ചത്.
- സാർ, സൗഹൃദങ്ങൾ, സുഹൃത്ത് വലയം...
നോക്കു, സിനിമയിലങ്ങനെ സ്ഥായിയായ സൗഹൃദങ്ങളില്ല. എന്റെ നല്ല സൗഹൃദങ്ങൾ അധികവും സിനിമയ്ക്ക് പുറത്താണ്.
- ഗൗതം ഗുജറാത്തിന്റെ സംവിധാനത്തിൽ നരേന്ദ്രൻ സാറിന്റെ സിനിമ, പരിവാർ മൂവി ഹൗസിന്റെ ബാനറിലുള്ള ഒരു നരേന്ദ്രൻ പടം, പ്രേക്ഷകർ ആഗ്രഹിക്കുന്ന ഈ കൂട്ടുകെട്ടുകൾ വീണ്ടുമുണ്ടാകുമോ സാർ.
നിമിത്തങ്ങളിൽ വിശ്വസിക്കുന്നവനാണ് ഞാൻ. ചിലപ്പോ എന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതമായിരിക്കും. ചിലപ്പോ അത് നടന്നില്ലാന്നും വരാം.അത്രേയുളളു.
- വരാനിരിക്കുന്ന പ്രൊജക്ടുകൾ ഏതൊക്കെയാണ് സാർ..
ഇടയ്ക്ക് വച്ച് മുടങ്ങിപ്പോയ 'യൂണിഫോം സിവിൽ കോഡ്' വീണ്ടും ഷൂട്ട് തുടങ്ങിയിട്ടുണ്ട്. അടുത്ത വർഷം ഏപ്രിലിൽ തീയേറ്ററിലെത്തിക്കാമെന്നാണ് പ്രതീക്ഷ. പിന്നെ ഒരു ബിഗ് ബഡ്ജറ്റ് ആനിമേഷൻ ചിത്രമൊരുങ്ങുന്നുണ്ട്. ഡിസ്നി ഗ്രൂപ്പുമായി സഹകരിച്ച് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഡൊണാൾഡ് ഡക്ക് ഒരു മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. അതിന്റെ പൂർത്തീകരിച്ച തിരക്കഥ ഇന്നലെ എന്റെ കൈയ്യിൽ കിട്ടിയതേ ഉള്ളു.
- ഓ.. അത് തീർച്ചയായും ഒരു പുതിയ വാർത്തയാണല്ലോ. ഏതായാലും ഈ വാർത്ത ഭാരത ഭൂമിയിലൂടെ ഞങ്ങൾ ബ്രേക്ക് ചെയ്യുകയാണ്. നന്ദി സാർ,
ഇത്രയും നേരം ഞങ്ങളുമായി സഹകരിച്ചതിന് നന്ദി.
നോക്കു, ഞാനിവിടെ വന്നത് ഒരു നിയോഗമാണ്. നന്ദി വാക്കിന്റെ ഔപചാരികതയൊന്നും ആവശ്യമില്ല. ഞാൻ വെറുമൊരു നടൻ മാത്രമാണ്. അഭിനയിക്കലാണന്റെ തൊഴിൽ. അഭിനയിച്ചു കൊണ്ട് മരിക്കണമെന്നാണന്റെ ആഗ്രഹവും.
polichu
ReplyDeleteGood
ReplyDeleteEVM fraud studiosil aayirunnu shoot. pinneedu avar thanne distribution ettadukkukayaayirunnu.
ReplyDelete