വിവേകമില്ലാത്ത വിവേഗം - റിവ്യൂ

By Jerin Chirammel George

ഈ പടം കണ്ടിട്ട് ആർക്കാണ് വിവേകമില്ലാഞ്ഞത് എന്ന് തോന്നിപ്പോയി. പടത്തിന്റെ സംവിധായകനോ? കണ്ട പ്രേക്ഷകനോ? പതിവ് ഉപ്പും കുരുമുളകും ഗെറ്റപ്പിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ഉപ്പു മാത്രമായാണ് തലയുടെ വരവ്. കൃത്യ സമയത്ത് കുരുമുളക് അറേഞ്ച് ചെയ്യാൻ പറ്റാത്തതാണ് ഇതിന് കാരണമെന്ന് ഫാൻസ് പറയുമ്പോൾ അകാല നരയെ പ്രതിരോദിക്കാൻ ആമസോൺ കാടുകളിൽ നിന്നും വരുത്തിച്ച പ്രത്യേക എണ്ണ പുരട്ടിയപ്പോൾ ഉള്ള കറുപ്പു കൂടി വെള്ളയായി എന്നാണ് മഞ്ഞരമയുടെ ലേഖകൻ ഷൂട്ടിംഗ് ലൊക്കേഷന് പുറകിൽ ഒളിത്ത് നിന്നപ്പോൾ കേട്ടത്.

പാർട്ടിക്ക് അടിച്ച് പൂസാകാൻ ഇടുക്കി ഗോൾഡ് തപ്പി ഇടുക്കിയിലെത്തിയ നായകൻ നീല കൊടുവേരി എന്ന പുതിയ തരം കഞ്ചാവിനെ കുറിച്ച് കേൾക്കുന്നു. ഹൈറേഞ്ചിലെ കിരീടം വെക്കാത്ത രാജാവ് ഹൈ ഡെയ്ഞ്ചറായ സാത്താൻ സേവ്യറിന്റെ കയ്യിലിരിക്കുന്ന ഈ ഐറ്റം തേടി ബാങ്കോക്കിൽ നിന്നും ഹൈദർ സുൽത്താന്റെ ഇടം കൈ ഡൂഡും  ഇടുക്കിയിലെത്തുന്നു. ഇരുന്നൂറ് രൂപ എക്കൗണ്ടിൽ ഇട്ടു തന്നാൽ സാധനം തരാമെന്ന് സേവ്യർ പറഞ്ഞതനുസരിച്ച് ഡൂഡ് മണി ട്രാൻസ്ഫർ ചെയ്യുന്നു. കാട്ടിലെ നെറ്റ് കണക്ഷൻ സ്ലോ ആയത് കൊണ്ട് ട്രാൻസ്ഫർ പതുക്കെയേ നടന്നുള്ളൂ. ഈ സമയം നായകൻ പുറത്തുള്ള ഓരോരുത്തരേയും കൊല്ലുന്നു. അകത്തെത്തിയപ്പോൾ അത്രയും നേരം സൈലൻസർ ഉള്ള തോക്ക് ഉപയോഗിച്ചിരുന്ന നായകൻ ഒരു ചെയ്ഞ്ചിന് സാധാരണ തോക്കിൽ നിന്ന് വെടി വെക്കുന്നു. വെടി ശബ്ദം കേട്ട് ഓടി വരുന്ന കൂട്ടാളികളെ കൊല്ലാൻ നിൽക്കുന്ന ബിൾഡിംഗ് ബോംബ് വെച്ച് തകർക്കുന്നു. പഞ്ച് ഡയലോഗും അടിച്ച് നമ്പർ ലോക്കിട്ട് പൂട്ടിയ നീല കൊടുവേലിയുടെ പെട്ടിയുമെടുത്ത് പുറത്തേക്ക് ഓടുന്നു. പിന്നീടങ്ങോട്ട് GTA ടോമിച്ചൻ പോലും ചെയ്യാത്ത അത്രയും കൊലപാതകങ്ങൾ ചെയ്യുന്നു. ഓടി രക്ഷപ്പെടുന്ന നായകനെ ഇടുക്കി ഡാമിന് മുകളിൽ വെച്ച് വളയുന്നു. അനങ്ങി പോകരുത് തട്ടിക്കളയും എന്ന് പറയുമ്പോഴും യഥേഷ്ടം ഉലാത്തുകയും പഞ്ച് ഡയലോഗ് പേസുകയും ചെയ്യുന്ന നായകന്റെ ധൈര്യം സമ്മതിച്ചേ തീരൂ. റെഡി വൺ, ടൂ, ത്രീ പറഞ്ഞ് തീരും വരെ വെയ്റ്റ് ചെയ്ത നായകൻ ഡാമിന്റെ മുകളിൽ നിന്നും ഒറ്റച്ചാട്ടം. താഴെ വെള്ളമുണ്ടായാൽ മതിയായിരുന്നു. താഴേക്ക് പതിക്കുമ്പോൾ പാർട്ടിക്ക് ടൈമായെന്ന് മൊബൈലിൽ റിമൈന്റർ ലഭിക്കുന്നു. അറഞ്ചം പുറഞ്ചം വെക്കുന്ന ഒരു വെടിയും നായകന് കൊള്ളുന്നില്ല. സ്തോത്രം. തലക്ക് നേരെ മുകളിലുള്ള ഹെലികോപ്റ്ററിന് വെടിയേറ്റ് കുറച്ച് ദൂരം മാറി നിലം പതിച്ചത് വൻ ദുരന്തം ഒഴിവാക്കി. വെള്ളത്തിൽ വീണ നായകൻ നീന്തി രക്ഷപ്പെടുന്നു. നനഞ്ഞു പോയ നീല കൊടുവേലി ഇനി ഉപയോഗിക്കാൻ പറ്റുമോ എന്തോ?
ലോകത്തിന്റെ പല ഭാഗത്തുള്ളവർ ജോലി ചെയ്യുന്ന ഒരു കുറ്റാന്വേഷണ ഏജൻസിക്ക് സേവ്യർ കൊലപാതകത്തിന്റെ ചുമതല ലഭിക്കുന്നു. പ്രധാന തലവന് തമിഴ് മാത്രം അറിയാവുന്നത് കൊണ്ട് ഇവിടെ ജോലി ലഭിക്കണമെങ്കിൽ തമിഴ് സംസാരിക്കാൻ അറിഞ്ഞേ പറ്റൂ. കാട്ടിലെ CCTV ദൃശ്യങ്ങളിൽ നിന്ന് കൊല നടത്തിയത് കുമാരേട്ടന്റെ മകൻ അജയനാണെന്ന് പഴയ കൂട്ടുകാർ തിരിച്ചറിയുന്നു. എല്ലാവരും മുകളിലേക്ക് നോക്കിയിരിക്കുമ്പോൾ ഫ്ലാഷ് ബാക്ക് ആരംഭിക്കുന്നു. നായകന്റെ കഴിവുകൾ പുകഴ്ത്തി ഒരു പാട്ടും പാടുന്നുണ്ട് പ്രധാന കൂട്ടുകാരനായ അരുൺ സിംഗ്.

യൂറോപ്പിലെ ഒരു രാജ്യത്ത് തട്ടുകടയിൽ ഇഡ്ഡലിയും ദോശയും വിൽക്കുന്ന ജോലി ചെയ്തു വന്നിരുന്ന മുടി നരച്ച നായകന് സഹായത്തിനായി ചെറുപ്പക്കാരിയും സുന്ദരിയുമായ നായികയും കൂടെ ഉണ്ടായിരുന്നു. ജോലിക്കിടയിൽ ഇവർ തമ്മിൽ സംസാരിച്ചിരുന്നത് തട്ടിൽകൂട്ട് ഭാഷ മുഖേനയായിരുന്നു. ഗ്ലാസിൽ തട്ടുന്ന ശബ്ദം കേട്ടാണ് സാമ്പാറിൽ വെള്ളം ചേർക്കണോ? ഉഴുന്ന് വടയുടെ തുളയുടെ വലിപ്പം കൂട്ടണോ? എന്നിങ്ങനെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്. നായിക പാർട് ടൈമായി സായിപ്പൻമാർക്ക് തമിഴ് ക്ലാസും എടുക്കുന്നുണ്ട്. സായിപ്പിന്റെ കല്യാണത്തിന് അവർ നടത്തിയ തമിഴ് പ്രസംഗം കേട്ട് കോരിത്തരിച്ച സായിപ്പൻമാർ കൈയ്യടിക്കുന്ന രംഗവുമുണ്ട്. പാട്ടൊക്കെ പാടി റൊമാന്റിക്ക് മൂഡിൽ നിക്കുന്ന സമയത്ത് നായകന് പുതിയ പണി കിട്ടുന്നു. നായകൻ പണി സ്ഥലത്തേക്ക് പോകുമ്പോൾ നായികയുടെ കത്ത് ബാഗിൽ നിന്നും കിട്ടുന്നു. സോളാറെന്നും പീഡനമെന്നുമൊക്കെ എഴുതിയത് മനസിലായില്ലെങ്കിലും അവസാന പേജിൽ രണ്ട് മാസം ഗർഭിണിയാണെന്ന് എഴുതിയത് മനസിലായി. കല്ല്യാണം കഴിഞ്ഞ് ഒരു മാസമല്ലേ ആയുള്ളൂ ഇതെപ്പോ? എന്നൊന്നും ആലോചിക്കാതെ നായകൻ ധൃതംഗപുളകിതനാകുന്നു.
അന്വേഷണ ആപ്പീസിലെത്തിയ നായകൻ കേസിനെ കുറിച്ച് അന്വേഷിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങളുടെ ലിസ്റ്റ് കൂട്ടുകാർ കാണിച്ച് കൊടുക്കുന്നു. ഗോമാതാവിന്റെ ചാണകത്തിൽ നിന്നും വേർത്തിരിച്ച പ്ലൂട്ടോണിയമാണ് ഈ സ്ഫോടനങ്ങൾക്ക് പുറകിലെന്ന് നായകനെ അറിയിക്കുന്നു. ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം എങ്ങനെ വേർത്തിരിച്ചെടുക്കാം എന്നറിയാവുന്ന നാഗവല്ലി എന്ന തമിഴത്തിയെ അന്വേഷിച്ച് നായകൻ യാത്രയാകുന്നു.

ഫ്ലൈറ്റിറങ്ങിയ നായകൻ കാപ്പിയിൽ പഞ്ചസാര ഇല്ലാത്തതിന് ആ നാട്ടുകാർ രണ്ട് പേരെ കൊല്ലുന്നു. ഫ്ലൈറ്റ് യാത്രക്കിടയിൽ ബിഗ് ബി കണ്ട നായകൻ സ്ഥലത്തെ പ്രധാന ചട്ടമ്പിയുടെ കൊള്ള സങ്കേതത്തിൽ പോകുന്നു. പണീം കഴിഞ്ഞ് അടുത്ത വിമാനത്തിൽ പോകാനുള്ള നായകനോട് ''ലവറാണെന്നും പറഞ്ഞ് ഒരുത്തൻ അന്ധകാര കോളനിയിലുണ്ടല്ല. അവനെപ്പോയി പൊക്കടപ്പ." എന്ന് പറയുന്നു. അവന്റെ ഡമ്മി ഇട്ട് നാഗവല്ലിയെ പിടിക്കാൻ നായകൻ ശ്രമം നടത്തുന്നു. ചുമരിൽ നിന്ന് 30 cm അകലെ വെച്ചിരുന്ന ഡമ്മി ഒറിജിനലാണെന്ന് തെറ്റിധരിച്ച നാഗവല്ലിയെ പിടികൂടുന്നു. ചാണകത്തിൽ നിന്ന് സ്വർണ്ണം വേർത്തിരിക്കുന്നതിനിടയിൽ അറിയാതെ വന്നതാണ് പ്ലൂട്ടോണിയമെന്ന് നാഗവല്ലി പറയുന്നു. തന്നെ കൊല്ലാൻ പോകുകയാണെന്ന് തിരിച്ചറിഞ്ഞ നാഗവല്ലി "എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ?" എന്ന് ചോദിക്കുന്നത് കേട്ട നായകൻ ചിത്രം സിനിമയിലെ ചളിയൊന്നും അടിക്കണ്ട. പ്ലൂട്ടോണിയം നിർവീര്യമാക്കിയാൽ വെറുതെ വിടാമെന്ന് പറയുന്നു. ബോംബ് നിർവീര്യമാക്കാൻ അടുത്തുള്ള ശാഖയിൽ പോയാൽ മതിയെന്നും "ചാണകത്തിൽ നിന്നും പ്ലൂട്ടോണിയം" എന്ന പുസ്തകം നോക്കി നിർവീര്യമാക്കിത്തരാം എന്നും പറയുന്നു. ശാഖയിലേക്ക് പോകും വഴി നാഗവല്ലി കൊല്ലപ്പെടുന്നുണ്ടെങ്കിലും ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം എന്ന പുസ്തകവുമെടുത്ത് നായകൻ രക്ഷപ്പെടുന്നു. ശാഖയെത്തുന്നതിന് മുൻപേ സ്വന്തം കൂട്ടുകാരാൽ അജയൻ ആക്രമിക്കപ്പെടുന്നു. വെടി കൊണ്ട് അരിപ്പ പോലെയായെങ്കിലും മരക്കമ്പിൽ തൂങ്ങി കിടന്ന് രക്ഷപ്പെടുന്നു. (ഇവന്റെ വായിക്കകത്ത് കേറി വെടി വെച്ചാലെ ശരിയാകൂ.) കാട്ടിൽ തേനെടുക്കാൻ വന്ന ആദിവാസികൾ പച്ചമരുന്ന് തേച്ച് രക്ഷപ്പെടുത്തിയില്ല ഭാഗ്യം. ക്ഷീണിതനായ നായകൻ ഉടനെ എണീറ്റ് പുഷപ്പ്സ് അടിക്കുന്നു. ശരീരത്തിനകത്തുണ്ടായിരുന്ന വെടിയുണ്ടകൾ അലിഞ്ഞ് പോയിരിക്കണം. ഭക്ഷണം പോലും കഴിക്കാതെ വ്യായാമം ചെയ്ത നായകൻ വീണ്ടും സിക്സ് പാക്കാകുന്നു.

ജീവനോടെ ഉണ്ടെന്നറിഞ്ഞ നായകനെ കൊല്ലാൻ വില്ലൻ രണ്ട് കോൺസ്റ്റബിൾസിനെ അജയന് നേരെ അയക്കുന്നു. അവർ ഘോര പോരാട്ടത്തിന് ഒടുവിൽ ബലിദാനികളായതിറഞ്ഞ് നായകന്റെ ഭാര്യയെ കൊല്ലാൻ ആളെ ഇറക്കുന്നു. ഈ വിവരം എങ്ങനെയോ മണത്തറിഞ്ഞ നായകൻ കുറച്ചകലെ മാറി നിന്ന് സ്നൈപ്പർ ഉപയോഗിച്ച് കീഴടക്കുന്നു. കടുക് മണി വ്യത്യാസത്തിന് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ മതി ദേ കിടക്കുന്നു നായിക. അത്രയും ദൂരെ മാറി നിന്ന് സ്നൈപ്പറും പിടിച്ച് വെയ്റ്റ് ചെയ്യുന്നതിനേക്കാൾ വീട്ടിൽ പോയി അവരെ ആക്രമിച്ചുകൂടെ? എന്നാരും ചോദിക്കരുത്. എല്ലാവരേയും കൊന്ന ശേഷം വെടിയുണ്ട കൊണ്ട് ചുമരിൽ അജയൻ കുമാരൻ എന്ന് എഴുതിയത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാവരും മരിച്ച ശേഷവും നായകൻ വീട്ടിൽ പോയി നായികയെ വിളിച്ചിറക്കി കൊണ്ടു വരുന്നില്ല. അതിൽ ഒരു ത്രില്ലില്ലത്രേ. റോഡിൽ ഇറങ്ങി നടന്ന നായികയെ വില്ലൻമാരെ പറ്റിച്ച് നായകൻ രക്ഷപ്പെടുത്തുന്നു. എക്സ്ട്രാ ഉണ്ടായിരുന്ന പാട്ട് അവിടെ കുത്തി കയറ്റി സംവിധായകൻ.

തെരുവിൽ തമിഴിൽ പത്ര സമ്മേളനം നടത്തിയ വില്ലൻ അജയനെന്ന തീവ്രവാദിയെ പിടിക്കുന്നവർക്ക് ആയിരം രൂപ ഇനാമും പ്രഖ്യാപിച്ചു. അൽപ സമയത്തിന് ശേഷം പ്ലൂട്ടോണിയം ബോംബ് ആക്ടിവേറ്റ് ചെയ്ത വില്ലൻ അത് നായകനെ അറിയിക്കുന്നു. വില്ലൻ അപ്പോ അങ്ങനെ പറഞ്ഞത് നന്നായി. ഇല്ലെങ്കിൽ എന്റെ ഇന്ത്യ! സമയം ഒട്ടുമില്ലായിരുന്നിട്ടും ആ സമയത്തും രണ്ട് മിനിറ്റ് നീണ്ട പഞ്ച് ഡയലോഗ് അടിക്കാൻ മറന്നില്ല നായകൻ. നായികയെ മെട്രോ ട്രെയിനിൽ കുമ്മനടിപ്പിച്ച് അവസാന സ്റ്റേഷനിൽ കാണാമെന്ന് പറഞ്ഞ് യാത്രയാകുന്നു. നാല് മണിക്കൂറുകൾക്കുള്ളിൽ പത്ത് ശാഖകളിൽ പോയി മെയിൻ ഫ്യൂസ് ഊരണം എന്ന് നായകൻ തീരുമാനിക്കുന്നു. ഇതിനിടയിൽ സ്കൈപ്പിൽ വീഡിയോ കോൾ ചെയ്ത് നായികക്ക് കൈമാറുന്നു. തട്ടിൽ കൂട്ട് ഭാഷയിൽ ലൊക്കേഷൻ കണ്ടെത്തിയ നായകൻ നിമിഷങ്ങൾക്കകം അവിടെയെത്തുന്നു. വില്ലന്റെ ഇടി കൊണ്ട് നിലം പരിശായ നായകനെ ഉണർത്താൻ നായിക ജിമിക്കി കമ്മൽ പാടുന്നു. ബ്രാണ്ടി കുപ്പി അമ്മ കുടിച്ച് തീർത്തെന്ന് കേട്ട നായകൻ ദേഷ്യം വന്ന വില്ലനെ പഞ്ഞിക്കിടുന്നു. അവിടെ ഡെൽഹി ഇവിടെ ബോംബ്. അങ്ങനെ പ്ലൂട്ടോണിയം ബോംബ് നിർവീര്യമാക്കുകയാണ് സൂർത്തുക്കളെ നിർവീര്യമാക്കുകയാണ്...

കഴിഞ്ഞോ?
ഇല്ല കുറച്ചു കൂടി കഴിഞ്ഞാൽ നായിക പ്രസവിക്കും. എന്നിട്ട് എല്ലാവരേയും പോലെ അവരും മരിക്കും. എന്നിട്ട് കുഴിച്ചിടും

Comments

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

Movie Review - War and Love - Sasi Palarivattom