തുപ്പരിവാളന്‍ - സിനിമാ റിവ്യൂ

By Sujith Padmanabhan

മുൻപ് തമിഴിൽ അഞ്ചാതെ ,ഊനയും ആട്ടിൻകുട്ടിയും ഒക്കെ ചെയ്ത മിഷ്കിൻ എന്നൊരു സംവിധായകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതെ പേരിലുള്ള ഒരാൾ സംവിധാനം ചെയ്ത തുപ്പരിവാലൻ എന്നൊരു പടം കാണാൻ ഇടയായി. ഷെർലക്ക് ഹോംസ് എന്ന പ്രശസ്ത കഥാപാത്രത്തിൽ നിന്നും ഇൻസ്പെയർ ആയി എഴുതിയതാണ് വിശാൽ ചെയ്തിരിക്കുന്ന മുഖ്യ കഥാപാത്രം .. കൂടെ വാട്സൻ ആയി പ്രസന്നയും .



ഇൻസ്പെയർ ചെയ്തു എഴുതപ്പെട്ട ഒരു കഥാപാത്രം ഒർജിനൽ കഥാപാത്രത്തിനും മുകളിൽ എത്തുന്നത് വളരെ അപൂർവമാണ്..ഇവിടെ മുകളിൽ എന്നു പറഞ്ഞാൽ പോരാ .. ഏതാണ്ട് ഷെർലക്കിന്റെ നെഞ്ചത്ത് ഏണി വെച്ചു കയറി ഇരിക്കുകയാണ് വിശാൽ. നായകനായ വിശാൽ വളരെ ഹൈ ലെവൽ IQ ഉള്ള ഒറ്റക്കാലിൽ നിന്നു മാത്രം ചെസ്സ് കളിക്കുന്ന കഴുത മൂത്രം കുടിച്ചു പരിചയമുള്ള ഒരു സാധാരണ ഡിക്റ്റക്റ്റീവാണ്‌. എന്നാൽ വാട്സൻ ആയി അഭിനയിച്ചിരിക്കുന്ന പ്രസന്ന ഇതിനെല്ലാം വിപരീതമായി ഒരു കത്തി പോലും തുറക്കാൻ അറിയാത്ത , ശബ്ദം മാറ്റി സംസാരിപ്പിക്കാൻ മാത്രം വിശാൽ കൂടെ കൊണ്ടു നടക്കുന്ന ഒരാളാണ് . നായകന് ഒരൊറ്റ കേസ് പോലുമില്ലാതെ ഗ്രീൻ ടീ കുടിച്ചു ഇരിക്കുന്ന സമയത്താണ് ആ നാട്ടിൽ ഒരു പട്ടി മരിക്കുന്നത്. മുൻപ് 50 ലക്ഷം ഫീസുമായി വന്നൊരാളെ ഓടിച്ചു വിട്ട നായകൻ പട്ടിയുടെ കേസുമായി വന്ന കുട്ടിയിൽ നിന്നു 632 രൂപ കൃത്യമായി എണ്ണി വാങ്ങി ആ കേസ് ഏറ്റെടുക്കുന്നിടത്താണ് കഥയിലെ അനാവശ്യ രംഗങ്ങളിലേക്ക് ചിത്രം കടക്കുന്നത് .

അന്വേഷണത്തിൻറെ ഭാഗമായി കടൽ തീരത്ത് ഒരു കൂട്ടം കുട്ടികളെ കൊണ്ടിരുത്തി മണ്ണ് മാന്തുന്ന നായകനു വളരെ അപൂർവമായി മാത്രം ഭൂമിയിൽ കണ്ടു വരുന്ന ഒരു വസ്തു ലഭിക്കുന്നു... ഒരു പല്ല്. അതിൽ പിടിചു നായകൻ കയറുവാണ്. ഇതിനിടയിൽ അച്ഛനും അമ്മയും മരിച്ചു കൈയിൽ പത്തു പൈസ ഇല്ലെങ്കിലും makeup ഇട്ടു മാത്രം നടക്കുന്ന നായികയെ വിശാൽ പരിചയപ്പെടുന്നു. അതി ബുദ്ധിപരമായി മോഷണം ഒക്കെ നടത്തികൊണ്ടിരിക്കുന്ന നായിക വിശാലിനൊപ്പം കൂടുന്നതോടെ ഒപ്പം ഉണ്ടായിരുന്ന പിള്ളേരെയും ഉപേക്ഷിച്ചു.. തെറി കേട്ടാൽ ചിരിക്കുന്ന അടുക്കളയിൽ പോയി നിന്നു റൊമാന്റിക് സ്വപ്നങ്ങൾ കണ്ടു രസിക്കുന്ന ഒരു പെർഫെക്റ്റ് നായികയായി മാറുകയുമാണ് . നായകൻ എപ്പോൾ മൂഡ് ഓഫ് ആയാലും ഗ്രീൻ ടീയുമായി തെറി കേൾക്കാൻ ചെല്ലുന്ന നായികയെ കാണുമ്പോൾ നാടോടികാറ്റിലെ തിലകന്റെ പാചകക്കാരനെ ഓർത്തുപോയി. വിശാൽ കഴിഞ്ഞാൽ എടുത്തു പറയേണ്ട പ്രകടനം ഇതിലെ വില്ലന്റേത് ആയിരുന്നു. വളരെ മാന്യമായി ഡ്രെസ്സ് ധരിക്കുന്ന മനുഷ്യരെ കൊന്നു ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഒറ്റ അടിക്കു 10 മുട്ട വരെ ബുൾസൈ അടിക്കുന്ന വില്ലന് പക്ഷെ ഒരു വീക്നെസ്സ് ഉണ്ട്. ചായ കുടിച്ചാൽ മാത്രമേ പുള്ളിക്ക് കൊല്ലാൻ മൂട് വരൂ... ചുണ്ണാമ്പ് ചോദിച്ചു വരുന്ന യക്ഷിയെ പോലെ അയാൾ എല്ലാ വീട്ടിലും ചെന്നു ചായ ചോദിക്കും.. ചായ ഇട്ടു കൊണ്ടു വന്നാൽ അവരെ കൊല്ലും.. അവിടെ അനു ഇമ്മാനുവലിനെ ചായ ഇടാൻ നിർത്തിയിരിക്കുമ്പോൾ ഇവിടെ വില്ലൻ ചായ ഇടാൻ നിർത്തിയിരിക്കുന്നത് ആൻഡ്രിയയെ ആണ്.

നായകനൊഴികെ നാട്ടിലുള്ള ആർക്കും കോമൻസെൻസ് , ബുദ്ധി ഒന്നുമില്ലാത്തത് കണ്ടിരിക്കാൻ വളരെ ത്രില്ലിംഗ് ആയിരുന്നു. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ നമ്മളെ അനുവദിക്കുന്നില്ല സംവിധായകൻ . അതു കൊണ്ടുതന്നെ പലപ്പോഴും കണ്ണു ചൂഴ്ന്നെടുത്തു അവിടെ വെച്ചിട്ട് ഇറങ്ങി പോയാലോ എന്നു പോലും ചിന്തിച്ചുപോയി. പടത്തിലെ നായകനും നായികയുമായുള്ള റോമാൻറ്റിക് രംഗങ്ങൾ വളരെ മികവുറ്റതായിരുന്നു.. മനുഷ്യരെ കണ്ടാൽ പിടിക്കാത്ത നായകൻ നായിക തന്റെ കൈയിലെ മുറിവ് കെട്ടി തരുമ്പോൾ കണ്ട്രോൾ പോയി കിസ്സ് ചെയുന്ന രംഗം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രണയ രംഗങ്ങളുടെ ലിസ്റ്റിന്റെ ഒരു മൂലക്ക് കൊണ്ടു വെക്കാവുന്നതാണ്. കൾട്ടുകൾ ഇഷ്ടപ്പെടുന്നവർ ചിരിക്കാനായി ഒരുവട്ടം കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് തുപ്പരിവാലൻ . പടം തുടങ്ങുന്നതിനു മുൻപ് വരുന്ന വാഷിങ് മെഷീനിന്റെ പരസ്യത്തിനുള്ള 11/10 റേറ്റിങും പടത്തിനുള്ള -6/10 റേറ്റിങും കൂടി ചേർത്തു മൊത്തത്തിൽ മൈ റേറ്റിംഗ് = 5/10

****Spoilor ****

ചിത്രത്തിലെ പ്രധാനപെട്ട ഒരു സന്ദർഭത്തിൽ നായികക്ക് കുത്തു കൊണ്ടു കിടക്കുമ്പോൾ വിശാലിന്റെ അഭിനയം വളരെ മികച്ചതായിരുന്നു. ഏകദേശം 10-15 മിനിറ്റോളം കരയാൻ ശ്രമിച്ചു ബുദ്ധിമുട്ടുന്ന വിശാലിന്റെ നമ്മുക്ക് കാണാം. ആ സമയത്തു ഹോസ്പിറ്റലിൽ എത്തിച്ചിരുനെങ്കിൽ പാവം രക്ഷപെട്ടേനെ. എങ്കിലും പ്രേക്ഷകരുടെ മനസ്സറിഞ്ഞു നായികയെ കൊന്ന സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു... ഒപ്പം സീനിൽ തനിക്കു ഡയലോഗില്ലെന്നറിഞ്ഞു ഒരു മൂലക്ക് കിടന്നുറങ്ങിയ പ്രസന്നയും .

Comments

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം